പൃഥ്വി തുടങ്ങി, ആദിത്യ താരെ അവസാനിപ്പിച്ചു, വിജയ് ഹസാരെ ചാമ്പ്യന്മാരായി മുംബൈ

ഉത്തര്‍ പ്രദേശ് നല്‍കിയ 313 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 41.3 ഓവറില്‍ മറികടന്ന് മുംബൈ. പൃഥ്വി ഷായുടെ വെടിക്കെട്ട് 73 റണ്‍സിന് ശേഷം ആദിത്യ താരെയും ശിവം ഡുബേയും ഉത്തര്‍ പ്രദേശ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ മുംബൈ 6 വിക്കറ്റ് വിജയം നേടുകയായിരുന്നു. 107 പന്തില്‍ നിന്ന് ആദിത്യ താരെ 118 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 28 പന്തില്‍ 42 റണ്‍സ് നേടി ശിവം ഡുബേയും മികവ് പുലര്‍ത്തി.

88 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ന്നത് ഡുബേ പുറത്തായപ്പോളാണ്. ഷംസ് മുലാനി(36), യശസ്വി ജൈസ്വാല്‍(29) എന്നിവരും മുംബൈയ്ക്കായി റണ്‍സ് കണ്ടെത്തി. ആദിത്യ താരെ ഇന്ന് തന്റെ കന്നി ലിസ്റ്റ് എ ശതകം ആണ് നേടിയത്. 41.3 ഓവറില്‍ 315 റണ്‍സാണ് മുംബൈ നേടിയത്.