
ദിയോദര്‍ ട്രോഫിയില്‍ 8 വിക്കറ്റ് ജയവുമായി ഇന്ത്യ ബി. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ എ നേടിയ 178 റണ്‍സ് ലക്ഷ്യം ജയദേവന് മഴ നിയമപ്രകാരം 43 ഓവറില്‍ 175 റണ്‍സായി പുനക്രമീകരിച്ചിരുന്നു. വെറും 26.2 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ ലക്ഷ്യമായ 175 റണ്‍സ് നേടി ഇന്ത്യ ബി ആദ്യ മത്സരത്തില്‍ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയ്ക്കു വേണ്ടി റിക്കി ഭുയി നേടിയ 78 റണ്‍സാണ് 178 എന്ന സ്കോറിലേക്ക് എത്തുവാന്‍ ടീമിനെ സഹായിച്ചത്. 41.2 ഓവറില്‍ 178 റണ്‍സിനു ഇന്ത്യ എ പുറത്താകുകയായിരുന്നു. 4 വിക്കറ്റുമായി സൗരാഷ്ട്രയുടെ ധര്‍മ്മേന്ദ്രസിന്‍ഹ ജഡേജ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ എ തകര്ന്നടിയകുയായിരുന്നു. 28 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റും ഡി ജഡേജയ്ക്കായിരുന്നു. ജയന്ത് യാദവ്, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി.
ആദ്യ ഓവറില്‍ ശ്രീകര്‍ ഭരത്തിനെ നഷ്ടമായെങ്കിലും പിന്നീട് മത്സരത്തില്‍ ഇന്ത്യ ബി ബാറ്റ്സ്മാന്മാരായ അഭിമന്യു ഈശ്വരനും ഹനുമന വിഹാരിയും പിടിമുറുക്കുന്നതാണ് കണ്ടത്. 98 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും നേടിയത്. 43 റണ്‍സ് നേടിയ അഭിമന്യു പുറത്തായെങ്കിലും പിന്നീട് വിഹാരിയ്ക്ക് കൂട്ടായി എത്തിയ് ശ്രേയസ്സ് അയ്യറിനോടൊപ്പം(28*) ചേര്‍ന്ന് വിഹാരി(95*) ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചു.
മുഹമ്മദ് ഷമിയ്ക്കും ക്രുണാല്‍ പാണ്ഡ്യയ്ക്കുമാണ് വിക്കറ്റുകള്‍ ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial