കന്നി ഇറാനി കപ്പ് സ്വന്തമാക്കി വിദര്‍ഭ, മത്സരം സമനിലയില്‍

- Advertisement -

വിദര്‍ഭയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ കന്നി ഇറാനി കിരീടത്തിനു വിദര്‍ഭ സ്വന്തമായി. 800/7 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യയെ 390 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സ് നേടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സ് നേടിയ വസീം ജാഫര്‍ ആണ് കളിയിലെ താരം. ഗണേഷ് സതീഷ്(120), അപൂര്‍വ് വാങ്കഡേ(157*) എന്നിവരും കൂറ്റന്‍ സ്കോറിലേക്ക് എത്തുവാന്‍ വിദര്‍ഭയെ സഹായിച്ചു.

98/6 എന്ന നിലയില്‍ നിന്ന് ഹനുമന വിഹാരി-ജയന്ത് യാദവ് കൂട്ടുകെട്ട് നേടിയ 214 റണ്‍സിന്റെ ബലത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതി നോക്കിയത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ച് ഏറെ വൈകാതെ റെസ്റ്റ് ഓഫ് ഇന്ത്യ ഇന്നിംഗ്സ് അവസാനിച്ചു. 96 റണ്‍സ് നേടി ജയന്ത് യാദവ് പുറത്തായപ്പോള്‍ 183 റണ്‍സ് നേടി വിഹാരി അവസാന വിക്കറ്റായാണ് പുറത്തായത്. രജനീഷ് ഗുര്‍ബാനി നാലും ആദിത്യ സര്‍വാതേ മൂന്നും വിക്കറ്റാണ് വിദര്‍ഭയ്ക്കായി നേടിയത്.

വിദര്‍ഭ ഓപ്പണര്‍മാരായ സഞ്ജയ് രാമസ്വാമിയും അക്ഷയ് വാഡ്കറും പുറത്താകാതെ രണ്ടാം ഇന്നിംഗ്സില്‍ 79 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. വാഡ്കര്‍ 50 റണ്‍സ് നേടിയപ്പോള്‍ രാമസ്വാമി 27 റണ്‍സുമായ ക്രീസില്‍ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement