പൊരുതി നോക്കി രംഗ്പൂര്‍ റൈഡേഴ്സ്, കോമില വിക്ടോറിയന്‍സിനു 5 വിക്കറ്റ് ജയം

- Advertisement -

മുന്നോട്ട് വെച്ച ലക്ഷ്യം തീരെ ചെറുതായിരുന്നുവെങ്കിലും അവസാന നിമിഷം വരെ പൊരുതിയാണ് രംഗ്പൂര്‍ റൈഡേഴ്സ് ഇന്ന് കീഴടങ്ങിയത്. 98 റണ്‍സ് വിജയലക്ഷ്യം 3 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നുവെങ്കിലും അത്ര എളുപ്പമായിരുന്നില്ല കോമില വിക്ടോറിയന്‍സിനു വിജയത്തിലേക്കുള്ള യാത്ര. റണ്‍ വരുമ്പോളും തുടരെ വിക്കറ്റുകള്‍ വീണത് അനായാസ ലക്ഷ്യം പിന്തുടരാനിറങ്ങിയ കോമിലയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. രംഗ്പൂര്‍ റൈഡേഴ്സിന്റെ കൃത്യതയാര്‍ന്ന ബൗളിംഗ് കാരണം ലക്ഷ്യം അവസാന മൂന്നോവറില്‍ 17 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ അവര്‍ക്കായി. നിര്‍ണ്ണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 17 റണ്‍സാണ് സാമുവല്‍സ്-മുഹമ്മദ് സൈഫുദ്ദീന്‍ കൂട്ടുകെട്ട് നേടിയത്(5). എന്നാല്‍ 7 പന്ത് അവശേഷിക്കെ സൈഫുദ്ദീനെ പുറത്താക്കി മൊര്‍തസ വീണ്ടും രംഗ്പൂര്‍ പ്രതീക്ഷകളെ ഉണര്‍ത്തി. എന്നാല്‍ ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തി ഹസന്‍ അലി വീണ്ടും ലക്ഷ്യം ഒരോവറില്‍ 2 റണ്‍സായി ചുരുക്കി. മൂന്ന് പന്തുകള്‍ ശേഷിക്കെ ബൗണ്ടറി പായിച്ച് മര്‍ലന്‍ സാമുവല്‍സ് കോമിലയെ പ്ലേ ഓഫിലേക്ക് എത്തിച്ചു.

22 റണ്‍സുമായി തമീം ഇക്ബാല്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയി. ഷൊയ്ബ് മാലിക്(20), ഇമ്രുല്‍ കൈസ്(14), മര്‍ലന്‍ സാമുവല്‍സ്(16*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. റേഡേഴ്സിനു വേണ്ടി മഷ്റഫേ മൊര്‍തസ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement