ലാഹോറിലേക്കില്ല, ടി20 പരമ്പരയില്‍ നിന്ന് ഉപുല്‍ തരംഗ പിന്മാറി

ലാഹോറിലേക്ക് ടി20 മത്സരം കളിക്കാനില്ല എന്ന് ഉപുല്‍ തരംഗ വ്യക്തമാക്കിയതോടെ ശ്രീലങ്കയെ പരമ്പരയില്‍ നയിക്കുന്നത് പുതിയ താരമാകുമെന്ന് ഏറെക്കുറേ ഉറപ്പായി. ആദ്യ രണ്ട് മത്സരങ്ങള്‍ യുഎഇയില്‍ ആണെങ്കിലു മൂന്നാം മത്സരം ലാഹോറിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ക്കുമായി ഒറ്റ ടീമാവും പ്രഖ്യാപിക്കുക എന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടു കൂടി ശ്രീലങ്കയുടെ പാക്കിസ്ഥാന്‍ ടി20 പരമ്പരയില്‍ നിന്ന് ഉപുല്‍ തരംഗ പിന്‍മാറുകയായിരുന്നു.

നിലവില്‍ പാക്കിസ്ഥാനുമായി ഏകദിനങ്ങള്‍ കളിക്കുന്ന ടീമില്‍ തിസാര പെരേരയും മറ്റു രണ്ട് താരങ്ങളും മാത്രമാണ് പാക്കിസ്ഥാനിലേക്ക് ടി20 കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. നേരത്തെ നാല്പതോളം വരുന്ന ക്രിക്കറ്റ് താരങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകുവാന്‍ താല്പര്യമില്ല എന്ന് ബോര്‍ഡിനെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ദില്‍ഷന്‍ മുനവീര, അശന്‍ പ്രയഞ്ജന്‍, ഇസ്രു ഉഡാന എന്നിവര്‍ ലാഹോറിലേക്ക് ചെല്ലാമെന്ന് സമ്മതിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial