മൂന്ന് വര്‍ഷത്തെ വിലക്കിനെതിരെ അപ്പീലുമായി ഉമര്‍ അക്മല്‍

തനിക്കെതിരെയുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്കിനെതിരെ ഔദ്യോഗിക അപ്പീല്‍ നല്‍കി പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മല്‍. 29 വയസ്സുള്ള താരത്തെ മൂന്ന് വര്‍ഷത്തേക്കാണ് ബോര്‍ഡ് വിലക്കിയത്. ഫെബ്രുവരി 17ന് പിഎസ്എലില്‍ നിന്ന് ആദ്യം താരത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഏപ്രില്‍ 27ന് പിസിബി ബോര്‍ഡിന്റെ അച്ചടക്ക പാനല്‍ താരത്തെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു.

താരത്തിനെതിരെ ബുക്കികകള്‍ സമീപിച്ചപ്പോള്‍ അത് ബോര്‍ഡിനെ യഥാസമയം അറിയിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് ബോര്‍ഡ് നടപടി സ്വീകരിച്ചത്. അന്വേഷണത്തിനിടെ ബുക്കികളുടെ വിവരം വെളിപ്പെടുത്തുവാന്‍ സഹായിക്കാതിരുന്ന ഉമര്‍ അക്മല്‍ അന്വേഷണത്തിനോട് യാതൊരു തരത്തിലുമുള്ള സഹകരണം പ്രകടിപ്പിച്ചില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരുന്നു.

നേരത്തെ താരത്തിനെതിരെയുള്ള കുറ്റത്തിനെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് ഉമര്‍ അക്മല്‍ തീരുമാനിച്ചത്. ഇപ്പോള്‍ പുതിയ നീക്കവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബോര്‍ഡ് പുതിയ ജഡ്ജിനെ നിയമിച്ച് ഈ നടപടിയില്‍ അന്വേഷണം നടത്തേണ്ടതുണ്ട്.

Exit mobile version