തെളിവുണ്ടെങ്കില്‍ ആജീവനാന്തം വിലക്കട്ടേ, അല്ലാതെ ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നത് അനീതി – കമ്രാന്‍ അക്മല്‍

തന്നെ സമീപിച്ച് വാതുവെപ്പുകാരുടെ വിവരം യഥാസമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിക്കാത്ത കുറ്റത്തിന് ഇന്ന് ബോര്‍ഡ് ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പാക്കിസ്ഥാന്റെ അച്ചടക്ക സമതിയിലുടെ തീരൂമാനപ്രകാരം മൂന്ന് വര്‍ഷത്തേക്ക് താരത്തിന് യാതൊരുവിധ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ പങ്കെടുക്കാനാകില്ലെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ നടപടിയെ ഉമര്‍ അക്മലിന്റെ സഹോദരന്‍ കമ്രാന്‍ അക്മല്‍ ചോദ്യം ചെയ്ത് വന്നിരിക്കുകയാണ്. ഉമര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന തെളിവുണ്ടെങ്കില്‍ താരത്തിനെ ആജീവനാന്തം വിലക്കുകയാണ് വേണ്ടതെന്നും അല്ലാതെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നതില്‍ എന്താണ് കാര്യമെന്നും കമ്രാന്‍ അക്മല്‍ ചോദിച്ചു.

മൂന്ന് വര്‍ഷത്തേക്ക് താരത്തെ വിലക്കുന്നത് അനീതിയാണെന്നും കമ്രാന്‍ പറഞ്ഞു. ഈ നടപടിയ്ക്കെതിരെ ഇപ്പോള്‍ അപ്പീല്‍ പോകുക മാത്രമാണ് തങ്ങളുടെ മുമ്പിലുള്ള വഴിയെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്രാന്‍ വ്യക്തമാക്കി.

സമാനമായ സംഭവത്തില്‍ മറ്റു പല താരങ്ങള്‍ക്കെതിരെ ചെറിയ ശിക്ഷ മാത്രം നല്‍കിയപ്പോള്‍ ഉമര്‍ അക്മലിനെതിരെ വേറെ നയത്തിലുള്ള സമീപനമാണ് ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നതെന്നും കമ്രാന്‍ ആരോപിച്ചു.

Exit mobile version