വിജയ വഴിയില്‍ നെതര്‍ലാണ്ട്സും യുഎഇയും

നെതര്‍ലാണ്ട്സ് – ഒമാന്‍

ഒമാനെ 5 വിക്കറ്റിനു തകര്‍ത്ത് നെതര്‍ലാണ്ട്സിനു ഡെസേര്‍ട് ടി20ല്‍ വിജയത്തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഒമാന് ആദ്യ ഓവറുകളില്‍ തന്നെ അരുണ്‍ പൗലോസ്, അകിബ് ഇല്യാസ് എന്നവിരെ നഷ്ടമായി. സീഷാന്‍ മക്സൂദ്, ഖവര്‍ അലി എന്നിവര്‍ ചേര്‍ന്ന് 24 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും മക്സൂദിനെ(34) റണ്‍ഔട്ട് രൂപത്തില്‍ നഷ്ടമായ ഒമാനു രക്ഷയായത് ഖുറം നവാസ് ഖാന്‍(26), മുഹമ്മദ് നസീം ഖുഷി(25) ചേര്‍ന്ന് നേടിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലെ 57 റണ്‍സാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. അവസാന പന്തില്‍ ഖുഷി പുറത്തായപ്പോള്‍ 146/7 എന്നായിരുന്നു ഒമാന്‍ സ്കോര്‍.

4 ഓവറില്‍ 15 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടിയ മൈക്കല്‍ റിപ്പണാണ് നെതര്‍ലാണ്ട്സ് ബൗളര്‍മാരില്‍ മികച്ച് നിന്നത്, വാന്‍ ‍ഡെര്‍ മെര്‍വ്, അഹ്സാന്‍ മാലിക്, മീകെരന്‍ ,ഗുഗ്ടന്‍ എന്നിവരായിരുന്നു മറ്റു വിക്കറ്റ് നേട്ടക്കാര്‍.

മൈക്കല്‍ റിപ്പണ്‍(40), വെസ്ലി ബരേസി(48), റോഫെല്‍ വാന്‍ ഡേര്‍ മെര്‍വ്(35) എന്നിവരായിരുന്നു നെതര്‍ലാണ്ട്സിന്റെ പ്രധാന സ്കോറര്‍മാര്‍. മത്സരം അവസാന ഓവര്‍ വരെ പോയെങ്കിലും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വാന്‍ഡെര്‍ മെര്‍വ് തന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാക്കി നെതര്‍ലാണ്ട്സിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഒമാനും വേണ്ടി ബിലാല്‍ ഖാന്‍, ഖുഷി എന്നിവര്‍ രണ്ട് വിക്കറ്റും, കലീമുള്ള ഒരു വിക്കറ്റും നേടി.

യുഎഇ – നമീബിയ

രണ്ടാം മത്സരത്തില്‍ നമീബിയയെ ** വിക്കറ്റിനു പരാജയപ്പെടുത്തിയാണ് യുഎഇ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കിയത്. ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിച്ച നമീബിയയ്ക്കു വേണ്ടി ജെപി കോട്സേ(50), നായകന്‍ സാരെല്‍ ബര്‍ഗര്‍(32) എന്നിവര്‍ ചേര്‍ന്ന് ടീം സ്കോര്‍ 20 ഓവറില്‍ 152/7 ല്‍ എത്തിയ്ക്കുകയായിരുന്നു. യുഎഇയ്ക്ക് വേണ്ടി മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റും സഹൂര്‍ ഫറൂക്കി രണ്ട് വിക്കറ്റും വീഴ്ത്തി. അഹമ്മദ് റാസ ,ഇമ്രാന്‍ ഹൈദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

റോഹന്‍ മുസ്തഫ(34 പന്തില്‍ 56), ഷൈമാന്‍ അന്‍വര്‍ (53) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് യുഎഇ നമീബയെ പരാജയപ്പെടുത്തിയത്. ഗുലാം ഷബീര്‍(17) ആയിരുന്നു പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. അനായാസം ജയിക്കേണ്ട മത്സരം യുഎഇ താരങ്ങള്‍ അവസാന ഓവറിലേക്ക് വലിച്ചു നീട്ടുകയായിരുന്നു. അവസാന ഓവറില്‍ 7 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ യുഎഇ രണ്ട് പന്തില്‍ ഒരു റണ്‍സ് എന്ന സ്ഥിതിയിലെത്തിയപ്പോള്‍ ഷൈമാന്‍ അന്‍വര്‍ റണ്‍ഔട്ട് ആവുകയായിരുന്നു. അവസാന പന്തില്‍ ഒരു റണ്‍ വേണ്ടിയിരുന്ന യുഎഇ അത് നേടി വിജയം തങ്ങളുടേതാക്കുകയായിരുന്നു.