ആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിപ്പിച്ച് യുഎഇ

ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിലെത്തി അത് കൈവിട്ട് സിംബാബ്‍വേ. ഇന്ന് യുഎഇയോട് നടന്ന മത്സരത്തില്‍ 3 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയതോടെ സിംബാബ്‍വേയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. വിന്‍ഡീസിനു പിന്നാലെ ലോകകപ്പ് യോഗ്യത നേടുവാന്‍ ഏറ്റവുമധികം സാധ്യതകള്‍ ഇന്ന് യുഎഇയെ നേരിടുന്ന സിംബാബ്‍വേയക്കായിരുന്നുവെങ്കിലും യുഎഇ ആ പ്രതീക്ഷകളെ എറിഞ്ഞിടുകയായിരുന്നു. 230 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സിംബാബ്‍വേയ്ക്ക് 226 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ അയര്‍ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് യോഗ്യത നേടുവാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത യുഎഇ 47.5 ഓവറില്‍ 235/7 എന്ന നിലയില്‍ നില്‍ക്കെ മഴ കളിതടസ്സപ്പെടുത്തി. പിന്നീട് മത്സരം 40 ഓവറാക്കി ചുരുക്കുകയും സിംബാബ്‍വേയുടെ ലക്ഷ്യം 230 ആക്കി ക്രമീകരിക്കുകയും ചെയ്തു. 45/3 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയ്ക്ക് മത്സരത്തില്‍ സാധ്യത നിലനിര്‍ത്തിയത് ഷോണ്‍ വില്യംസിന്റെ 80 റണ്‍സായിരുന്നു. എന്നാല്‍ വില്യംസ് പുറത്തായ ശേഷം അവസാന ഓവറില്‍ 15 റണ്‍സ് എന്ന ലക്ഷ്യമായിരുന്നു ആതിഥേയര്‍ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ക്രെയിഗ് ഇര്‍വിന്റെ ശ്രമങ്ങള്‍ക്ക് ഓവറില്‍ 11 റണ്‍സ് നേടാനെ ടീമിനെ സഹായിച്ചുള്ളു.

പീറ്റര്‍ മൂര്‍ 39 റണ്‍സ് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ 34 റണ്‍സ് നേടി. ക്രെയിഗ് ഇര്‍വിന്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. യുഎഇയ്ക്ക് വേണ്ടി മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റും രോഹന്‍ മുസ്തഫ രണ്ടും വിക്കറ്റ് നേടി.

നേരത്തെ ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് വേണ്ടി 59 റണ്‍സുമായി റമീസ് ഷെഹ്സാദ് ടോപ് സ്കോറര്‍ ആയി. ഷൈമാന്‍ അന്‍വര്‍(33), രോഹന്‍ മുസ്തഫ(31), ഗുലാം ഷബീര്‍(40), മുഹമ്മദ് നവീദ്(10 പന്തില്‍ പുറത്താകാതെ 22) എന്നിവരുടെ ബാറ്റിംഗ് ശ്രമമാണ് ടീം സ്കോര്‍ 235ല്‍ എത്തിച്ചത്. സിംബാബ്‍വേയ്ക്കായി സിക്കന്ദര്‍ റാസ മൂന്നും ടെണ്ടായി ചതാര രണ്ടും വിക്കറ്റുകള്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആസ്റ്റോരിയുടെ നമ്പർ ഒഴിച്ചിട്ട് ഇറ്റലി
Next articleഐലീഗ് കിരീടം സമ്മാനിച്ചു, സൂസൈരാജിനും ചെഞ്ചോയ്ക്കും അവാർഡ്