ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ പൃഥ്വി ഷാ-മന്‍ജോത് കല്‍റ കൂട്ടുകെട്ട് 180 റണ്‍സുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 94 റണ്‍സില്‍ പൃഥ്വി വില്‍ സത്തര്‍ലാണ്ടിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഏറെ വൈകാതെ മന്‍ജോത് കല്‍റയും മടങ്ങി. സ്കോര്‍ 25ല്‍ നില്‍ക്കെ പുറത്തായെങ്കിലും പന്ത് നോബാള്‍ ആയതാണ് പൃഥ്വിയ്ക്കും ഇന്ത്യയ്ക്കും തുണയായത്.
ശുഭമന്‍ ഗില്‍ 63 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേണ്ടത്ര വേഗത നല്‍കി. 54 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഗില്‍ ജാക്ക് എഡ്വേര്‍ഡ്സിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
നിലയുറപ്പിച്ച് ബാറ്റ്സ്മാന്മെരെല്ലാം പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഭിഷേക് ശര്‍മ്മ ഇന്ത്യന്‍ സ്കോര്‍ 300നടുത്ത് എത്തിച്ചു. 8 പന്തില്‍ നിന്ന് 23 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. അഭിഷേക് ശര്‍മ്മയുടെ വിക്കറ്റും ജാക്ക് എഡ്വേര്‍ഡ്സിനായിരുന്നു. ഇന്ത്യന്‍ വാലറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടി ടീമിനു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. ഇത് ടീം സ്കോര്‍ 300 കടക്കാന്‍ സഹായിക്കുകയും ചെയ്തു.
തന്റെ 9 ഓവറില്‍ 65 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയ ജാക്ക് എഡ്വേര്‍ഡ്സ് ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മുന്‍ നിരയില്‍ നിന്നത്. ഓസ്റ്റിന്‍ വോ, വില്‍ സത്തര്‍ലാണ്ട്, പരം ഉപ്പല്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു വിക്കറ്റ് വേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
