മത്സരത്തില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകള്‍ – ശ്രേയസ്സ് അയ്യര്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാഗ്പൂര്‍ ടി20യില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകളാണുണ്ടായതെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. ദീപക് ചഹാറിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണതും പിന്നീട് നിലയുറപ്പിച്ച് മുന്നേറിയ ബംഗ്ലാദേശിന്റെ റണ്ണൊഴുക്ക് തടഞ്ഞ് ശിവം ഡുബേ നേടിയ വിക്കറ്റുകളുമാണ് മത്സരത്തിലെ വഴിത്തിരിവായതെന്ന് അയ്യര്‍ പറഞ്ഞു. തങ്ങള്‍ മത്സരത്തില്‍ സമ്മര്‍ദ്ദത്തിലായ ഘട്ടത്തിലാണ് ഈ വഴിത്തിരിവുകള്‍ പിറക്കുന്നത്.

ബംഗ്ലാദേശ് ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയതെന്നും അവര്‍ മികച്ച ടീമാണെന്നത് ഞങ്ങള്‍ക്ക് അറിയാവുന്നതാണെന്നും അയ്യര്‍ പറഞ്ഞു. അവര്‍ കളിച്ച ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ന്നതാണെന്ന് ഈ പരമ്പരയില്‍ കണ്ടെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു. തുടക്കത്തില്‍ തങ്ങള്‍ അല്പം അലസരായിരുന്നുവെങ്കിലും രോഹിത്തിന്റെ പെപ് ടോക്കിന് ശേഷം മത്സരം വിജയിക്കുവാനുറപ്പിച്ചാണ് തങ്ങള്‍ കളത്തിലിറങ്ങിയതെന്നും താരം പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗില്‍ 33 പന്തില്‍ നിന്ന് 62 റണ്‍സ് നേടി അയ്യരാണ് ഇന്ത്യയുടെ സ്കോര്‍ 174 റണ്‍സിലേക്ക് എത്തിച്ചത്.

Exit mobile version