മെട്രോ മാറ്റ്നിയെ തകര്‍ത്ത് ലാബ്‍ഗ്ലോ, 57 റണ്‍സ് വിജയവുമായി സൈക്ക

- Advertisement -

ടിപിഎല്‍ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി ലാബ്‍ഗ്ലോയും, സൈക്ക ആനിമ് സ്റ്റുഡിയോയും. മെട്രോ മാറ്റ്നി സ്പോര്‍ട്സ് ക്ലബ്ബിനെ 7 വിക്കറ്റിനു ലാബ്‍ഗ്ലോ പരാജയപ്പെടുത്തിയപ്പോള്‍ 57 റണ്‍സിന്റെ വിജയമാണ് സൈക്ക തിങ്ക്പാം സ്ട്രൈക്കേഴ്സിനെ തകര്‍ത്തത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മെട്രോ മാറ്റ്നിയുടെ തീരുമാനം പിഴയ്ക്കുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. അനന്തശക്തി പുറത്താകാതെ നേടിയ 22 റണ്‍സായിരുന്നു ലാബ്‍ഗ്ലോ ഇന്നിംഗ്സിന്റെ പ്രധാന ആകര്‍ഷണം. 5.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ലാബ്‍ഗ്ലോ തങ്ങളുടെ ജയം നേടിയത്.

Pic Courtesy : https://www.facebook.com/labglo/

രണ്ടാം മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ തന്നെ വമ്പിച്ച വിജയമാണ് സൈക്ക ആനിമ് സ്റ്റുഡിയോ സ്വന്തമാക്കിയത്. ടോസ് നേടിയ തിങ്ക്പാം സ്ട്രൈക്കേഴ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിങ്ക്പാം ബൗളര്‍ രതീഷ് ടികെ നേടിയ ഇരട്ട വിക്കറ്റുകള്‍ സൈക്കയെ പിന്നോട്ടടിച്ചുവെങ്കിലും മധ്യനിരയുടെ കരുത്താര്‍ന്ന പ്രകടനം അവരെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ രെഞ്ചല്‍(30), സുജിത്(21), നിതിന്‍(21) എന്നിവരുടെ ബാറ്റിംഗ് മികവ് ടീം ടോട്ടല്‍ നൂറു കടത്തി. 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ സൈക്ക 105 റണ്‍സ് നേടി. തിങ്ക്പാമിനു വേണ്ടി രതീഷ് ടികെ മൂന്ന് വിക്കറ്റും സനു മാത്യു ജോണ്‍ രണ്ട് വിക്കറ്റും നേടി. സുദീപ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തിങ്ക്പാം ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം തുടരാനാകാതെ പോയതാണ് അവര്‍ക്ക് തിരിച്ചടിയായത്. മൂന്നാം ഓവറില്‍ സ്കോര്‍ 23ല്‍ ഓപ്പണര്‍ അശ്വിനെയാണ്(10) അവര്‍ക്ക് ആദ്യം നഷ്ടമായത്. ഏറെ വൈകാതെ സനു മാത്യുവിനെയും(16) നഷ്ടമാവുകയും മധ്യനിര തകരുകയും ചെയ്തതോടെ വിജയം സൈക്ക സ്വന്തമാക്കി. 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് മാത്രമേ തിങ്ക്പാമിനു നേടാനായുള്ളു. സജിത് കുമാര്‍ സൈക്കയ്ക്ക് വേണ്ടി 2 ഓവറില്‍ മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് സ്വന്തമാക്കി.

Advertisement