വിവെന്‍സിനു വിജയം

- Advertisement -

ടീം സ്റ്റെബിലിക്സിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി വിവെന്‍സ്. ഇന്നലെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട യോഗ്യത റൗണ്ടിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്റ്റെബിലിക്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ എബിന്‍ ജെയിംസിന്റെ ബാറ്റിംഗ് പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ ടീമിന്റെ പ്രകടനം പരിതാപകരമായിരുന്നു എന്ന് വേണം പറയാന്‍. 16 പന്തില്‍ 34 റണ്‍സ് നേടിയ എബിന്‍ ജെയിംസിനു പിന്തുണ നല്‍കാന്‍ മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ വന്നപ്പോള്‍ 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയ സ്റ്റെബിലിക്സിനു 48 റണ്‍സാണ് നേടാനായത്. വിവെന്‍സിനു വേണ്ടി ഷീജു മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എമില്‍മോന്‍ ഏലിയാസ്, റോയ് തോമസ് എ്നിവര്‍ രണ്ട് വിക്കറ്റും വിപിന്‍ വിജയന്‍, വിഷ്ണു കെ നായര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അനായാസ വിജയമാണ് വിവെന്‍സ് ബാറ്റ്സ്മാന്മാര്‍ ടീമിനു നേടിക്കൊടുത്തത്. 4.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ബാറ്റിംഗ് ടീം ലക്ഷ്യം മറികടന്നത്. വിഷ്ണു കെ നായര്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റാന്‍ലി ജോര്‍ജ്ജ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisement