കിംബോളിനെതിരെ ആവേശകരമായ മൂന്ന് റണ്‍സ് ജയം നേടി ട്രെന്‍സര്‍

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആവേശകരമായ വിജയം കുറിച്ച് ട്രെന്‍സര്‍. ഇന്ന് നടന്ന മത്സരത്തില്‍ 3 റണ്‍സിന്റെ വിജയമാണ് ട്രെന്‍സര്‍ കിംബോളിനെതിരെ നേടിയത്. 66 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കിംബോളിന് 3 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമേ നേടാനായുള്ളു. 19 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ജിഷ്ണുവും 23 റണ്‍സുമായി പുറത്താകാതെ നിന്ന രാജേഷും പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുവാന്‍ ഇരുവര്‍ക്കും ആയില്ല.

അവസാന ഓവറില്‍ ജയിക്കുവാന്‍ 13 റണ്‍സായിരുന്നു കിംബോള്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ ഓവറില്‍ നിന്ന് ഒരു ബൗണ്ടറി മാത്രമേ ടീമിന് നേടാനായുള്ളു. അവസാന ബോളില്‍ ജയിക്കുവാന്‍ അഞ്ച് റണ്‍സായിരുന്നു ടീം നേടേണ്ടിയിരുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രെന്‍സറിനായി 16 റണ്‍സുമായി അഖില്‍ മോഹന്‍ ടോപ് സ്കോറര്‍ ആയി. അനുരാജ് 11 റണ്‍സ് നേടി. വലുതല്ലെങ്കിലും മറ്റു താരങ്ങളില്‍ നിന്നുള്ള ചെറിയ സംഭാവനകള്‍ കൂടിയായപ്പോള്‍ ടീം 65 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു 8 വിക്കറ്റ് നഷ്ടത്തില്‍. കിംബോള്‍ ബൗളര്‍മാരില്‍ ജിത്തു, രാജേഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.