സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്ററെ തകര്‍ത്ത് സിന്‍ട്രിയന്‍സ് XI, കൂറ്റന്‍ വിജയവുമായി എംപിടി ഫീനിക്സ്

- Advertisement -

സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്ററിനെതിരെ മികച്ച വിജയവുമായി സിന്‍ട്രിയന്‍സ്. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത സിന്‍ട്രിയന്‍സിനു പ്രതീക്ഷിച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റിനിടയിലെ ഓട്ടത്തിലെ പിഴവുകളും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതും സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്ററിനു തിരിച്ചടിയായി. 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 40 റണ്‍സാണ് നേടാനായത്. ഇന്നിംഗ്സില്‍ അഞ്ച് ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആയപ്പോള്‍ അനുശങ്കര്‍, ജസീല്‍, പ്രണവ് എന്നിവര്‍ സിന്‍ട്രിയന്‍സിനു വേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തി.

നാല് പന്ത് ശേഷിക്കെ വിജയം കരസ്ഥമാക്കിയ സിന്‍ട്രിയന്‍സിനു അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 12 റണ്‍സ് എക്സ്ട്രാസ് രൂപത്തിലാണ് അവര്‍ക്ക് ലഭിച്ചത്. 10 റണ്‍സ് നേടിയ കൃഷ്ണകുമാറാണ് ടോപ് സ്കോറര്‍. ഇന്‍ക്യുബേറ്റേഴ്സിനു വേണ്ടി സച്ചിന്‍ പി തോമസ്, അരുണ്‍ കെ പിള്ള എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രാജീവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

മറ്റൊരു മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് എച്ച്ബിഎസ് സ്ട്രൈക്കേഴ്സിനെതിരെ എംപിടി ഫീനിക്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഫീനിക്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് നേടി. വിമല്‍ ചന്ദ്രന്‍(23), അജാസ് ബഷീര്‍(20) എന്നിവര്‍ക്ക് പുറമേ മുത്തുപാണ്ഡിയനും(17) മികച്ച വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്തു. 5 പന്തില്‍ നിന്ന് 3 സിക്സറുകളുടെ സഹായത്തോടെ 20 റണ്‍സ് നേടിയ അജാസിന്റെ ബാറ്റിംഗ് എടുത്ത് പറയേണ്ടത് തന്നെയായിരുന്നു.

മറുപടി ബാറ്റിംഗില്‍ 5.2 ഓവറില്‍ 23 റണ്‍സിനു എച്ച്ബിഎസ് ഓള്‍ഔട്ടായി. ഫീനിക്സിനു വേണ്ടി അഖില്‍, ഷാരോണ്‍, പ്രശാന്ത്, റിയാസ് എന്നിവര്‍ രണ്ട് വിക്കറ്റും രാകേഷ് രാജന്‍ ഒരു വിക്കറ്റും നേടി.

Advertisement