രണ്ടാം വിജയം സ്വന്തമാക്കി സോംനോവെയര്‍, യുഎല്‍ടിഎസിനും വിജയം

- Advertisement -

സോംനോവെയറിനു ജയം

ലൂ റൂയി കോ & റേഞ്ചേഴ്സിനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി സോംനോവെയര്‍. സോംനോവെയറിന്റെ രണ്ടാം ജയമാണിത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സോംനോവെയറിനെതിരെ ഒരു ഘട്ടത്തിലും ലൂ റൂയിയ്ക്ക് മേധാവിത്വം പുലര്‍ത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നിലംപതിച്ചപ്പോള്‍ നിശ്ചിത 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമാണ് റേഞ്ചേഴ്സിനു നേടാനായത്. സോംനോവെയറിനു വേണ്ടി ഹരിരാജ് മൂന്ന് വിക്കറ്റ് നേടി. ശ്രീജിത്ത് 2 വിക്കറ്റും, രാഹുല്‍ ടി നാഥ്, ശ്രീകാന്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സോംനോവെയറിന്റെ ബാറ്റിംഗും മികച്ചതല്ലായിരുന്നു. 31 റണ്‍സ് വിജയലക്ഷ്യം നേരിട്ടിറങ്ങിയ അവര്‍ക്ക് 7 വിക്കറ്റുകള്‍ നഷ്ടമാകേണ്ടി വന്നു. ലൂ റൂയിയുടെ ആനന്ദ് 4 വിക്കറ്റ് നേട്ടവുമായി മികച്ച് നിന്നു. 9 റണ്‍സ് നേടിയ ഹരിധരനാണ് ടോപ് സ്കോറര്‍. വിന്നി എബ്രഹാം 8 റണ്‍സ് നേടി. ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി കടത്തി ശ്രീകാന്ത് സോംനോവെയറിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.


ജിഇഎസിനെ പരാജയപ്പെടുത്തി യുഎല്‍ടിഎസ്

ജിഇഎസിനെതിരെ വിക്കറ്റ് വിജയം സ്വന്തമാക്കി യുഎല്‍ടിഎസ്. ടോസ് നേടിയ യുഎല്‍ടിഎസ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് ജിഇഎസ് നേടിയത്. രാജേഷ് 14 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. യുഎല്‍ടിഎസിനു വേണ്ടി ടോണിടോം 3 വിക്കറ്റും അര്‍ജ്ജുന്‍ 2 വിക്കറ്റും സ്വന്തമാക്കി. അനന്തു കൃഷ്ണന്‍ ഒരു വിക്കറ്റ് നേടി.

2/2 എന്ന നിലയിലേക്ക് തകര്‍ന്ന യുഎല്‍ടിഎസിനെ അര്‍ജ്ജുന്‍-തസീം ഉബൈദുള്ള എന്നിവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സഹായിച്ചത്. ഇരുവരും പുറത്തായെങ്കിലും വിജയത്തിനരികില്‍ യുഎല്‍ടിഎസിനെ എത്തിച്ചിരുന്നു അവര്‍. അര്‍ജ്ജുന്‍ 21 റണ്‍സും തസീം 18 റണ്‍സും നേടി. 7ാം ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് യുഎല്‍ടിഎസ് ലക്ഷ്യം നേടിയത്. ജിഇഎസിനു വേണ്ടി സല്‍മാന്‍ ഫാരിസ്, ദീപം എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

സ്റ്റാര്‍ ഇലവനു 5 വിക്കറ്റ് ജയം

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ബിഇ ഷാര്‍പ്സിനെതിരെ സ്റ്റാര്‍ ഇലവന്‍ 5 വിക്കറ്റ് വിജയം നേടി. ടോസ് നേടിയ ബിഇ ഷാര്‍പ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും മികച്ച സ്കോറിലേക്ക് എത്തിച്ചേരാനവര്‍ ബുദ്ധിമുട്ടി. 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ക്ക് 34 റണ്‍സ് മാത്രമേ നേടാനായുള്ളു. ധനില്‍ സ്റ്റാര്‍ ഇലവനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. ദീപു രണ്ട് വിക്കറ്റും ബിമല്‍ റോയ്, മനു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

5 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 5ാം ഓവറില്‍ തന്നെ സ്റ്റാര്‍ ഇലവനു വിജയം കൊയ്യാനായി. മുനീബ്(2), അഖില്‍, ജഗദീശന്‍, എഡ്വിന്‍ എന്നിവരായിരുന്നു ബിഇ ഷാര്‍പ്സിനും വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.

Advertisement