സന്തോഷ് ഹരിഹരന്റെ താണ്ഡവം, പിറ്റ്സിനെ നിഷ്പ്രഭമാക്കി ഐബിഎസ്

- Advertisement -

സന്തോഷ് ഹരിഹരന്റെ മികച്ച ഇന്നിംഗ്സിന്റെ പിന്‍ബലത്തില്‍ ഐബിഎസ് എ ടീമിനു തകര്‍പ്പന്‍ വിജയം. പിറ്റ് സൊല്യൂഷന്‍സിനെതിരെ 61 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഐബിഎസ് നേടിയത്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ അനിവാര്യമായ ജയം തേടിയാണ് ഐബിഎസ് ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഐബിഎസിനു രണ്ടാം ഓവറില്‍ ഓപ്പണര്‍ ജയന്‍ രഘുവിനെ നഷ്ടമായി. നായകന്‍ കൃഷ്ണനുണ്ണിയ്ക്കും ഏറേ നേരം ക്രീസില്‍ ചിലവഴിക്കാനായില്ല. 3 പന്തില്‍ 7 റണ്‍സ് നേടി കൃഷ്ണനുണ്ണി മടങ്ങിയപ്പോള്‍ ഐബിഎസ് 22/2 എന്ന നിലയിലായിരുന്നു. പിന്നീട് മത്സരത്തില്‍ സന്തോഷ് ഹരിഹരന്റെ താണ്ഡവമാണ് കണ്ടത്. പിറ്റ്സ് ബൗളര്‍മാരെ തച്ചുടച്ച സന്തോഷ് 30 പന്തില്‍ 74 റണ്‍സ് നേടി. 6 സിക്സറും 2 ബൗണ്ടറിയും അടങ്ങിയ ഇന്നിംഗ്സ് അവസാനിച്ചത് ഒരു പന്ത് മാത്രം ശേഷിക്കെയാണ്. മഹേഷ്(11), കിരണ്‍(15) എന്നിവരും സന്തോഷിനു മികച്ച പിന്തുണ നല്‍കി. 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് ഐബിഎസ് എ നേടിയത്.

പിറ്റ്സിനു വേണ്ടി രവികുമാര്‍ 2 വിക്കറ്റും, നന്ദു, അജേഷ് എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

പിറ്റ്സിനു തങ്ങളുടെ 8 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് മാത്രമാണ് നേടാനായത്. ആന്റോ ജോര്‍ജ്ജ് 12 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഫ്രാന്‍സിസ് 10 റണ്‍സ് നേടി. മാര്‍ട്ടിന്‍ പ്രഭു(3), അമല്‍ ശശികുമാര്‍(2), കൃഷ്ണന്‍ ഉണ്ണി(2), മഹേഷ്, രോഹിത് എന്നിവരാണ് ഐബിഎസിനു വേണ്ടി വിക്കറ്റുകള്‍ നേടിയത്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പിറ്റ്സിനെ നേരിടുന്ന എസ്ഇ മെന്റേഴ്സിനു യോഗ്യത നേടുവാനായി ഇതിലും വലിയ വിജയം അനിവാര്യമാണ്.

Advertisement