ആവേശപ്പോരാട്ടത്തിനൊടുവില്‍ ഒരു വിക്കറ്റ് ജയം നേടി ക്യുബര്‍സ്റ്റ് റെഡ്

12 പന്തില്‍ 11 റണ്‍സ്. കൈയില്‍ അവശേഷിക്കുന്നത് 4 വിക്കറ്റ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിഫൈനല്‍ അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ ഇവൈ ഗ്രേ നേടിയ 42 റണ്‍സ് പിന്തുടരാനിറങ്ങിയ ക്യുബര്‍സ്റ്റ് റെഡിനു വിജയിക്കുവാന്‍ വേണ്ടിയിരുന്നത് മേല്‍പ്പറഞ്ഞ ലക്ഷ്യമായിരുന്നു. ഏഴാം ഓവറിലെ ആദ്യ പന്ത് സിക്സര്‍ പറത്തി രാജേഷ് കുമാര്‍ ക്യുബര്‍സ്റ്റിനെ വിജയത്തിനു അടുത്തേക്കെത്തിച്ചു. ഓവറില്‍ ഒരു ഡബിള്‍ കൂടി നേടിയ ശേഷം രാജേഷ് പുറത്താകുമ്പോള്‍ വിജയം 3 റണ്‍സ് അകലെ മാത്രമായിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ പ്രണവും പുറത്തായതോടെ മത്സരം ആവേശകരമായി.

അവസാന ഓവറില്‍ ജയിക്കാന്‍ മൂന്ന് റണ്‍സും രണ്ട് വിക്കറ്റും കൈവശമുണ്ടായിരുന്നു ക്യുബര്‍സ്റ്റിനു ആദ്യ പന്ത് റണ്ണെടുക്കാനായില്ലെങ്കിലും രണ്ടാം പന്ത് ലെഗ് ബൈ നേടി അര്‍ഷിത് സ്ട്രൈക്ക് കൈമാറി. അടുത്ത പന്തില്‍ അര്‍ഷിത് റണ്ണൗട്ട് ആയപ്പോള്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സും ഒരു വിക്കറ്റും മാത്രമായി. ആര്‍ക്ക് വേണമെങ്കിലും മത്സരം കൈവശപ്പെടുത്താമെന്ന സ്ഥിതിയില്‍ അടുത്ത രണ്ട് പന്തുകളില്‍ ഒരു ബൈയും സിംഗിളും നേടി ഒരു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം ഇവൈ ഗ്രേയ്ക്ക് മേല്‍ ക്യുബര്‍സ്റ്റ് സ്വന്തമാക്കുകയായിരുന്നു.

43 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ക്യുബര്‍സ്റ്റിനു തുടക്കം പിഴയ്ക്കുകയായിരുന്നു. 6/3 എന്ന നിലയില്‍ നിന്ന് വിശാല്‍ 12 പന്തില്‍ നേടിയ 21 റണ്‍സാണ് ടീമിന്റെ വിജയ സാധ്യത തിരികെ കൊണ്ടെത്തിച്ചത്. എവി രാജേഷ് കുമാര്‍ നേടിയ 9 റണ്‍സും നിര്‍ണ്ണായകമായി. ഇവൈ ബൗളിംഗില്‍ മീന്ഷ് മൂന്നും അരവിന്ദ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ശ്രീജിത്തിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇവൈയും സമാന സ്ഥിതിയില്‍ നിന്നാണ് 42 റണ്‍സിലേക്ക് എത്തിയത്. 11/4 എന്ന നിലയില്‍ നിന്ന് 15 റണ്‍സ് നേടിയ അരവിന്ദ് 7 റണ്‍സ് നേടിയ ശ്രീജിത്ത് എന്നിവരാണ് ടീമിനെ 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 42 എന്ന സ്കോറിലേക്ക് നയിച്ചത്. വിശാലും അരുണ്‍ ശേഖറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ പ്രവീണ്‍, എവി രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial