
ടിപിഎല്‍ 2017ലെ ഞായറാഴ്ച(ഫെബ്രുവരി 12നു) നടന്ന മത്സരങ്ങളില്‍ പിറ്റ്സ് സൊല്യൂഷന്‍സ്, ജെമിനി, അക്യുബിറ്റ്സ് എന്നിവര്‍ വിജയികള്‍. പിറ്റ്സ് 7 വിക്കറ്റിനു യുഎല്‍ടിഎസ്-നെ പരാജയപ്പെടുത്തിയപ്പോള്‍. ജെമിനി ബിജിഐ ബുഷ്റേഞ്ചേഴ്സിനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. പോളസ് റോയല്‍ സ്ട്രൈക്കേഴ്സിനെതിരെ 10 റണ്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു അക്യുബിറ്റ്സ് ബാഷേഴ്സ്.
യുഎല്ടിഎസിനെതിരെ പിറ്റ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ യുഎല്‍ടിഎസ് 47 റണ്‍സ് നേടി. അരുണ്‍ പ്രസാദ് പുറത്താകാതെ നേടിയ 11 റണ്‍സാണ് ടോപ് സ്കോര്‍. മറ്റൊരു ബാറ്റ്സ്മാനും രണ്ടക്ക സ്കോര്‍ കടക്കാനായില്ല. പിറ്റ്സിനു വേണ്ടി നന്ദു വി നായര്‍ രണ്ടോവറില്‍ 8 റണ്‍സ് വിട്ടു കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. രവികുമാര്‍, സംഗീത്, രാജീവ് കുമാര്‍ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയ മറ്റു ബൗളര്‍മാര്‍.
7ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി പിറ്റ്സ് വിജയം നേടിയെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആന്റോ ജോര്‍ജ്ജ് (17), രവികുമാര്‍(18) എന്നിവരുടെ പ്രകടനമാണ് പിറ്റ്സിനു തുണയായത്. പിഎന്‍ അരുണ്‍, ടോണി ടോം, അനന്തുകൃഷ്ണന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
അന്ന് തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ ജെമിനി ബിജിഐ ബുഷ്റേഞ്ചേഴ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ബുഷ്റേഞ്ചേഴ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് നേടി വിജയ പ്രതീക്ഷ പുലര്‍ത്തി. ജിതേഷ്(17*), ശരതാ കെജി(13), ഷാന്‍(11) എന്നിവരായിരുന്നു പ്രധാന റണ്‍ സ്കോറര്‍മാര്‍. 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം നേടിയ ജെമിനിയ്ക്കായി ശംഭു സത്യന്(22), ദീപ് ശിവ(13) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
ആവേശകരമായ മത്സരത്തില്‍ പോളസിനെ 10 റണ്‍സിനു തകര്‍ത്ത് അക്യുബിറ്റ്സ് തങ്ങളുടെ വിജയം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അക്യുബിറ്റ്സ് ബാഷേഴ്സ് അരവിന്ദ് കുമാര്‍ നേടിയ 20 റണ്‍സിന്റെ മെച്ചത്തില് 8 ഓവറില്‍ 42 റണ്‍സ് നേടി. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ അക്യുബിറ്റ്സ് നേടിയത്. 43 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പോളസ് റോയല്‍ സ്ട്രൈക്കേഴ്സ് പക്ഷേ 32 റണ്‍സ് എടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അക്യുബിറ്റ്സിന്റെ അരുണ്‍ കെഎസ് 5 വിക്കറ്റുകള്‍ സ്വന്തമാക്കി. മഹാദേവന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അരുണ്‍ ദാസ്, അഭിജിത്ത്, അതുല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.