മുബാറക്കിന്റെ വെടിക്കെട്ടിന്നിംഗ്സ്, കൂറ്റന്‍ വിജയവുമായി അലയന്‍സ് ബ്ലൂ

- Advertisement -

ഐക്കണ്‍ ക്ലീനിക്കല്‍ റിസര്‍ച്ചിനെ 51 റണ്‍സിനു തകര്‍ത്ത് അലയന്‍സ് ബ്ലൂ. മുബാറക് പുറത്താകാതെ നേടിയ 44 റണ്‍സാണ്(21 പന്തില്‍) അലയന്‍സിനു കൂറ്റന്‍ സ്കോറിലേക്കുള്ള വഴിയൊരുക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അലയന്‍സിനു 78 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മുബാറക്കും വിവേക് ബാലചന്ദ്രനും ചേര്‍ന്ന് നേടിക്കൊടുത്തത്. 6ാം ഓവറില്‍ പുറത്താകുമ്പോള്‍ വിവേക് 26 റണ്‍സ് നേടിയിരുന്നു. തുടര്‍ന്നുള്ള രണ്ടോവറുകളില്‍ വിക്കറ്റുകള്‍ വീണത് കാരണം പത്ത് റണ്‍സ് കൂടിയെ അലയന്‍സിനു സ്കോറിനോടു ചേര്‍ക്കാനായുള്ളു. ജയഗണേഷ്(4), സന്തോഷ്(1) എന്നിവരായിരുന്നു പുറത്തായ മറ്റു അലയന്‍സ് ബ്ലൂ ബാറ്റ്സ്മാന്മാര്‍.

ഐക്കണിനു വേണ്ടി ഹരീഷ് മാവട്ടൂര്‍ രണ്ട് വിക്കറ്റും, വാസു ഒരു വിക്കറ്റും സ്വന്തമാക്കി.

89 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഐക്കണിനു പക്ഷേ മികച്ചൊരു ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനെ കഴിഞ്ഞില്ല. 5 ബാറ്റ്സ്മാന്മാരാണ് അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പുറത്തായത്. 7.5 ഓവറില്‍ 37 റണ്‍സിനു ബാറ്റിംഗ് ടീം ഓള്‍ഔട്ട് ആയി. അലയന്‍സിനു വേണ്ടി ഗോപകുമാര്‍, ഹരിദാസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശബരിനാഥ് നായര്‍ രണ്ട് വിക്കറ്റും ബാലചന്ദ്രന്‍ , അഖില്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement