ലക്ഷ്മി രാജു: ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ഏക വനിതാ താരം

- Advertisement -

അതെ, ടെക്നോപാര്‍ക്കിലെ നൂറോളം കമ്പനികളില്‍ നിന്ന് 120ലധികം ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ഏക സ്ത്രീ സാന്നിധ്യമാണ് ലക്ഷ്മി രാജു. അലോകിന്‍ സോഫ്ട്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു ചെറിയ സ്ഥാപനത്തിന്റെ ക്രിക്കറ്റ് ടീമിന്റെ നായിക സ്ഥാനത്തേക്ക് എത്തി ലക്ഷ്മി ടെക്നോപാര്‍ക്കിലെ സ്ത്രീ സമൂഹത്തിനൊരു മാതൃകയും പുരുഷ സമൂഹത്തിന്റെ ആരാധനാപാത്രവുമായി മാറി കഴിഞ്ഞിരിക്കുകയാണ്.

ടിപിഎല്‍ എന്നാല്‍ ടെക്നോപാര്‍ക്കിലെ ടെക്കികള്‍ക്കൊരു ഉത്സവമാണ്. ഈ മൂന്ന് മാസകാലത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തും പങ്കെടുക്കുന്ന കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചും തങ്ങളുടെ പ്രവൃത്തിവേളകളില്‍ നിന്ന് അല്പം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒട്ടനവധി ടെക്കികള്‍ തലസ്ഥാനത്തെ ഐടി പാര്‍ക്കില്‍ ഉണ്ട്. എന്നാല്‍ കമ്പനിയില്‍ ആവശ്യത്തിനു ക്രിക്കറ്റ് കളിക്കാരെ ലഭിക്കാത്തതിനാല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാകാതെ പിന്മാറുന്ന പല കമ്പനികള്‍ക്കും മാതൃകയാക്കാവുന്നതാണ് അലോകിന്റെയും ലക്ഷ്മി രാജുവിന്റെയും ഈ കഥ.

ടിപിഎല്‍ അനൗണ്‍സ്മെന്റ് വന്നപ്പോള്‍ അലോകിനില്‍ നിന്ന് ഒരു ടീം അതില്‍ പങ്കെടുക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചതും അതിനായി പ്രവര്‍ത്തിച്ചതും അവിടെ സോഫ്ട്വെയര്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ലക്ഷ്മി രാജുവായിരുന്നു. കമ്പനിയിലെ പുരുഷ പ്രജകളെയെല്ലാം വിശ്വാസത്തിലെടുപ്പിച്ച് ഒരു ടീം തുടങ്ങുവാനുള്ള മുന്‍കൈ എടുത്തതും ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും വഹിക്കുവാന്‍ സന്നധയായ ലക്ഷ്മിയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുവാന്‍ അലോകിന്‍ ടീമിനെ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ അലോകിന്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിനു തുടക്കം കുറിയ്ക്കുകയായിരുന്നു. ടെക്നോപാര്‍ക്ക് ചരിത്രത്തില്‍ തന്നെ(മുമ്പ് ഇങ്ങനെ വനിത പ്രാതിനിധ്യം ഉണ്ടായിട്ടുണ്ടോന്ന് ലേഖകനു ഉറപ്പില്ല) ആദ്യമായി ഒരു വനിത താരം അവരുടെ ഏറ്റവും ആവേശകരമായ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് അലോകിന്‍ ലക്ഷ്മിയ്ക്ക് നല്‍കിയത്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : Hoppon

അലോകിനെ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുപ്പിക്കുവാനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് ലഭിക്കുന്ന അര്‍ഹമായ പരിഗണനയായി നമുക്ക് ഇതിനെ കാണാം. പ്രാക്ടീസ് സെഷനുകള്‍ക്കായി രാവിലെ ടീമംഗളെ വിളിച്ചുണര്‍ത്തുന്നതിനു മുന്‍കൈ എടുത്തത് പോലും ലക്ഷ്മിയാണ്. നിര്‍ഭാഗ്യകരമെന്ന് പറയുവാനായി അലോകിന്‍ ടീമിന്റെ യഥാര്‍ത്ഥ ക്യാപ്റ്റനു അപകടം സംഭവിക്കുകയുണ്ടായി. എന്നാല്‍ ആര് ടീമിനെ നയിക്കും എന്നതില്‍ അലോകിന്‍ ടീമിനു യാതൊരു സംശയവുമുണ്ടായിരുന്നില്ല. ദൃഢനിശ്ചയവും സമര്‍പ്പണവും അര്‍ഹമായ ക്യാപ്റ്റന്‍ സ്ഥാനത്തിനു അര്‍ഹയാക്കുകയായിരുന്നു.

ഇന്ന് അലോകിന്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ടിപിഎല്‍ നോക്ഔട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ടീമിനെ നയിക്കുന്ന ലക്ഷ്മിയുടെ നേതൃത്വപാടവം ടീമിനെ മികച്ച രീതിയില്‍ പ്രകടനം നടത്തുവാന്‍ പ്രചോദനം നല്‍കുന്നു എന്നാണ് ടീം അംഗങ്ങള്‍ പറയുന്നത്. സ്ത്രീ ശക്തിയുടെ പല കഥകളും നമ്മള്‍ വായിച്ചും കണ്ടും കഴിഞ്ഞതാണ് അതിലേക്കുള്ള പുതിയ ഏടാണ് ടെക്നോപാര്‍ക്ക് ചരിത്രത്തിലെ തന്നെ ആദ്യ വനിതാ ക്യാപ്റ്റനായ ലക്ഷ്മിയുടെ കഥ. അത് അലോകിന്‍ പോലുള്ള ചെറിയ ടീമിനു മാത്രമല്ല മറ്റു ടീമുകള്‍ക്കും വലിയൊരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.

വിവരങ്ങള്‍ക്ക് നന്ദി: രാജീവ് ജെ സെബാസ്റ്റ്യന്‍

Advertisement