
ടൂര്‍ണ്ണമെന്റിലെ തന്നെ ആവേശകരമായ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഐബിഎസ് എ ടീമും എസ്ഇഎം സ്ട്രൈക്കേഴ്സും. ആവേശകരമായ മത്സരത്തിന്റെ ഒടുവില്‍ ഇരു ടീമുകളും 86 റണ്‍സ് നേടി ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. എസ്ഇഎം സ്ട്രൈക്കേഴ്സ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഐബിഎസിനു വേണ്ടി കൃഷ്ണന് ഉണ്ണി(43), സന്തോഷ് ഹരിഹരന് (28) എന്നിവര്‍ തിളങ്ങിയപ്പോള്‍ ടീം സ്കോര്‍ 8 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സായിരുന്നു. വെറും 16 പന്തില്‍ 6 സിക്സറുകള്‍ അടങ്ങിയതായിരുന്നു കൃഷ്ണന് ഉണ്ണിയുടെ ഇന്നിംഗ്സ്. 3 സിക്സറുകളുടെ സഹായത്തോടെ 19 പന്തില്‍ നിന്നാണ് സന്തോഷ് 28 റണ്‍സ് സ്വന്തമാക്കിയത്. അവസാന ഓവറില്‍ വെറും ആറു റണ്‍സ് മാത്രമേ ഐബിഎസിനു നേടാനായുള്ളു. സ്ട്രൈക്കേഴ്സിന്റെ സുധീഷ് തന്റെ 2 ഓവറില്‍ 10 റണ്‍സ് വിട്ടു നല്കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അനീഷ്, ശ്രീനാഥ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
രാജീവ് കൃഷ്ണന്റെ ഒറ്റയാള്‍ പോരാട്ടം നേടിക്കൊടുത്തു മുന്‍തൂക്കം കൈവിടുന്നു കാഴ്ചയാണ് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ഇടവേളയ്ക്ക് ശേഷം കാണാനായത്. സ്ട്രൈക്കേഴ്സിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ രാജീവ് 19 പന്തില്‍ (ഒരു ബൗണ്ടറിയും 6 സിക്സറുകളും അടക്കം) 56 റണ്‍സാണ് നേടിയത്. 4.2 ഓവറില്‍ രാജീവ് പുറത്താകുമ്പോള്‍ സ്ട്രൈക്കേഴ്സിന്റെ സ്കോര്‍ 61 ആയിരുന്നു. 22 പന്തില്‍ വേണ്ടത് 26 റണ്‍സ് എന്നാല്‍ മാര്ട്ടിന് പ്രഭു എറിഞ്ഞ ആ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് (രാജീവിന്റെ ഉള്‍പ്പെടെ) അദ്ദേഹം നേടിയത്. സ്ട്രൈക്കേഴ്സ് മധ്യനിര തങ്ങള്‍ക്ക് ലഭിച്ച മുന്‍തൂക്കം കളയുന്ന കാഴ്ചയാണ് കണ്ടത്. ആറാം ഓവറില്‍ കൃഷ്ണനുണ്ണി രണ്ട് വിക്കറ്റുകള്‍ കൂടി നേടിയപ്പോള്‍ സ്ട്രൈക്കേഴ്സിന്റെ സ്ഥിതി കൂടുതല്‍ കുഴപ്പത്തിലായി. 14 പന്തില്‍ 23 റണ്‍സ് എന്ന നിലയില്‍ നിന്ന് ജിഷ്ണു ആര് ചന്ദ്രനും(12*) റോഷനും(7) ചേര്‍ന്ന് സ്ട്രൈക്കേഴ്സിനു വീണ്ടും പ്രതീക്ഷ നല്‍കുകയായിരുന്നു. അവസാന ഓവറിന്റെ രണ്ടാം പന്തില്‍ റോഷന് പുറത്തായപ്പോള്‍ ലക്ഷ്യം നാല് പന്തില്‍ ഏഴ് റണ്‍സായിരുന്നു. അവസാന പന്തില്‍ ശ്രീനാഥ് റണ്‍ഔട്ട് ആയപ്പോള്‍ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് നേട്ടവുമായി മാര്ട്ടിന് പ്രഭു, കൃഷ്ണന് ഉണ്ണി എന്നിവര്‍ ഐബിഎസ് നിരയില്‍ തിളങ്ങി.