
4സ്പോട്സിനെ പരാജയപ്പെടുത്തി ജെമിനി ബ്ലാസ്റ്റേഴ്സ്
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച(25/2/2017) നടന്ന ക്വാളിഫൈയിംഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജെമിനി ബ്ലാസ്റ്റേഴ്സിനു വിജയം. ടോസ് നേടിയ ജെമിനി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 4സ്പോട്സിനു 35 റണ്‍സ് മാത്രമാണ് നേടാനായത്. ഒറ്റ ബാറ്റ്സ്മാനു പോലും രണ്ടക്കം കടക്കാനാകാതെ വന്നപ്പോള്‍ 8 റണ്‍സ് നേടിയ കബീറാണ് ടോപ് സ്കോറര്‍. ജെമിനിയ്ക്ക് വേണ്ടി പ്രസാദ് 3 വിക്കറ്റും സിദ്ധാര്‍ത്ഥ് ശങ്കര്‍, ലോറന്‍സ്, സത്യന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നാല് വിക്കറ്റ് നഷ്ടത്തില്‍ 4.4 ഓവറില്‍ ജെമിനി വിജയം സ്വന്തമാക്കുകയായിരുന്നു. 2/3 എന്ന നിലയിലേക്ക് തകര്‍ന്ന ജെമിനിയെ സെലസ്റ്റിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രക്ഷിച്ചത്. 10 പന്തില്‍ 26 റണ്‍സ് നേടിയ സെലസ്റ്റിന്‍ മത്സരം ജെമിനിയ്ക്ക് അനുകൂലമാക്കുകയായിരുന്നു. രണ്ട് വിക്കറ്റ് നേട്ടവുമായി കബീര്‍, സോമന് എന്നിവര്‍ 4സ്പോട്സിനു വേണ്ടി തിളങ്ങി.

9 വിക്കറ്റ് വിജയവുമായി അക്യുബിറ്റ്സ് ബാഷര്‍
ഏരീസ് എപിക്ക ബി ടീമിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി അക്യുബിറ്റ്സ് ബാഷര്‍. ആദ്യം ബാറ്റ് ചെയ്ത ഏരീസ് എപിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു ഫലം. 24 റണ്‍സ് മാത്രം നേടാനായ അവര്‍ക്ക് 9 വിക്കറ്റുകളാണ് നഷ്ടമായത്. ഏരീസിന്റെ നാല് ബാറ്റ്സ്മാന്മാര് പൂജ്യത്തിനു പുറത്തായി. അക്യുബിറ്റ്സിനു വേണ്ടി അഭിജിത്ത്, അരുണ്‍ ദാസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അരുണ്‍, രാഹുല്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 3.2 ഓവറില്‍ ലക്ഷ്യം അക്യുബിറ്റ്സ് മറികടന്നു. അരുണ്‍ ദാസ(10*), ജയദീപ്(9*) എന്നിവരായിരുന്നു വിജയസമയത്ത് ക്രീസിലുണ്ടായിരുന്നത്. ഗ്രിഗറി(2) ആണ് പുറത്തായ ബാറ്റ്സ്മാന്. ഷിജിയ്ക്കാണ് വിക്കറ്റ് ലഭിച്ചത്.

സൈക്കയെ തകര്‍ത്ത് ഇഗ്ലോബ്
ടിപിഎല്‍ 2017ല്‍ രണ്ടാം ജയം സ്വന്തമാക്കി ടീം ഇഗ്ലോബ്. തങ്ങളുടെ രണ്ടാം മത്സരത്തില്‍ സൈക്ക അനിം സ്റ്റുഡിയോയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇഗ്ലോബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൈക്ക നിശ്ചിത 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എടുക്കുകയായിരുന്നു. സൈക്ക നിരയില്‍ ഓപ്പണര്‍ സജിത്ത് ലാല്‍ 17 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. മറ്റു ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടപ്പോള്‍ അനീഷ് 10 റണ്‍സുമായി പുറത്താകാതെ നിന്നു. 11 റണ്‍സാണ് എക്സ്ട്രാസ് രൂപത്തില്‍ ഇഗ്ലോബ് വഴങ്ങിയത്. സൈക്കയുടെ നാല് ബാറ്റ്സ്മാന്മാര് അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പവലിയനിലേക്ക് മടങ്ങി. നാല് വിക്കറ്റ് നേട്ടവുമായി ഡിജീഷ് ഗോപാല്‍ ഇഗ്ലോബ് ബൗളര്‍മാരില്‍ തിളങ്ങി. നിധീഷ്, ഷൈന്‍ എന്നിവരും രണ്ട് വിക്കറ്റ് വീതം നേടി.
53 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇഗ്ലോബ് 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 17 റണ്‍സുമായി അമ്പുരാജ്, 8 പന്തില്‍ 15 റണ്‍സ് നേടി പുറത്താകാതെ നിന്ന നിധീഷ് എന്നിവരാണ് ഇഗ്ലോബ് ബാറ്റ്സ്മാന്മാരില് തിളങ്ങിയത്. ഷൈന്‍(9), അജയ് രാജ്(5) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്.
സൈക്കയ്ക്ക് വേണ്ടി നിഖില്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
