
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ടൈയില്‍ അവസാനിച്ച് ആപ്താര സ്ട്രൈക്കേഴ്സ്-എന്‍വെസ്റ്റ്നെറ്റ് പോരാട്ടം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തില്‍ ഇരു ടീമുകളും 66 റണ്‍സ് വീതം നേടിയപ്പോള്‍ ഓരോ പോയിന്റുകള്‍ പങ്കുവയ്ക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ആപ്താര സ്ട്രൈക്കേഴ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറില്‍ 8 വിക്കറ്റ് കൈവശം നില്‍ക്കെ 2 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന എന്വെസ്റ്റ്നെറ്റിനു ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ഡനൂപ് എറിഞ്ഞ ഓവറില്‍ മൂന്ന് വിക്കറ്റുകളും എന്വെസ്റ്റ്നെറ്റിനു നഷ്ടമായി. മത്സരം ജയിക്കുവാനുള്ള അവസരം നഷ്ടമായെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അനുകൂല്യത്തില്‍ ആപ്താരയെ മറികടന്ന് എന്‍വെസ്റ്റ്നെറ്റ് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.
അനീഷ് 13 പന്തില്‍ നേടിയ 24 റണ്‍സിന്റെയും അമല്‍ദേവിന്റെ 12 റണ്‍സുമാണ് ആപ്താരയെ 66 റണ്‍സിലേക്ക് എത്തിച്ചത്. അവസാന പന്തില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 10 റണ്‍സ് എക്സ്ട്രാസ് രൂപത്തില്‍ വന്നപ്പോള്‍ അനൂപ്(9), സൂരജ് അരുണ്‍(7) എന്നിവരും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കി. എന്‍വെസ്റ്റ്നെറ്റിനായി സെബിന് തോമസ് 4 വിക്കറ്റ് നേടി. സജീഷ് രണ്ടും ലാല്മോന്, അനൂപ് നാരായണന്‍കുട്ടി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അനൂപ് നാരായണന്‍കുട്ടിയുടെ ബാറ്റിംഗ് മികവില്‍ എന്‍വെസ്റ്റ്നെറ്റ് അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും അവസാന ഓവറില്‍ നിശ്ചിതമായ ജയം ടീം കൈവിടുകയായിരുന്നു. 7 ഓവറില്‍ 65/2 എന്ന നിലയിലേക്ക് എത്തിയ ടീമിനു 6 പന്ത് ശേഷിക്കെ 2 റണ്‍സ് മാത്രമായിരുന്നു നേടേണ്ടിയിരുന്നത്. കൈവശം 8 വിക്കറ്റുകളുണ്ടായിരുന്നു. ഡനൂപ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് ബോളില്‍ റണ്‍ നേടാനാകാതെ അനൂപ് മൂന്നാം പന്തില്‍ പുറത്തായി. നാലാം പന്തില്‍ സജീഷ് ഒരു റണ്‍സ് നേടി ഇരു ടീമുകളുടെ സ്കോറുകളും ഒപ്പത്തിനൊപ്പമായി. അടുത്ത പന്തില്‍ ജോസണ്‍ ജോസ് പുറത്തായി. അവസാന പന്തില്‍ വിജയ റണ്ണിനായി ശ്രമിച്ച് സെബിന് തോമസ് റണ്‍ഔട്ട് ആയപ്പോള്‍ മത്സരം സമനിലയിലായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial