തകര്‍പ്പന്‍ ജയവുമായി അലയന്‍സ് ബ്ലൂ, ഇവൈയെ പരാജയപ്പെടുത്തിയത് 43 റണ്‍സിനു

ഇവൈ യെല്ലോയ്ക്കെതിരെ 43 റണ്‍സ് വിജയവുമായി അലയന്‍സ് ബ്ലൂ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അലയന്‍സ് നിശ്ചിത 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടുകയായിരുന്നു. വിവേക് ബാലചന്ദ്രന്‍-അബ്ദുള്‍ മുബാറക് എന്നിവരുടെ വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടും അഖില്‍ കുമാറിന്റെ 8 ബോള്‍ 25 റണ്‍സുമാണ് അലയന്‍സിനു കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്. 4 ഓവറില്‍ 56 റണ്‍സാണ് അലയന്‍സ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. നാലാം ഓവറിന്റെ അവസാന പന്തില്‍ മുബാറക് പുറത്താകുമ്പോള്‍ 13 പന്തില്‍ 27 റണ്‍സാണ് മുബാറക് സ്വന്തമാക്കിയത്. തൊട്ടടുത്ത ഓവറില്‍ വിവേക് ബാലചന്ദ്രന്‍ (12 പന്തില്‍ 26) പുറത്താവുകയും ചെയ്തതോടു കൂടി അലയന്‍സ് മധ്യനിര തകരുന്ന കാഴ്ചയാണ് കണ്ടത്. 56/0 എന്ന നിലയില്‍ നിന്ന് 63/5 എന്ന നിലയിലേക്ക് വീണ ബ്ലൂവിനെ അഖില്‍ കുമാര്‍ 8 പന്തില്‍ സൃഷ്ടിച്ച വെടിക്കെട്ടാണ് തുണയായി എത്തിയത്. യെല്ലോയ്ക്ക് വേണ്ടി വൈശാഖ് സെബാസ്റ്റ്യന്‍ 3 വിക്കറ്റ് നേടി. അബു മാത്യു ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇവൈ 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമാണ് നേടിയത്. 25 റണ്‍സ് മനീഷ് വര്‍ഗ്ഗീസ്, 11 റണ്‍സുമായി അരുണ്‍ എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും തന്നെ റണ്‍ കണ്ടെത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ 43 റണ്‍സ് ജയം അലയന്‍സ് സ്വന്തമാക്കി. അലയന്‍സിനു വേണ്ടി ഗോപകുമാര്‍ എടക്കുടി മൂന്ന് വിക്കറ്റും മന്‍ജിത്ത് രണ്ട് വിക്കറ്റും വീഴ്ത്തി. വിവേക് ബാലചന്ദ്രന്‍, ശബരിനാഥ് നായര്‍, അഖില്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous articleആറ്റിനാടിനെയും തകര്‍ത്ത് ഏജിസ്
Next articleഅൽ മിൻഹാലിനെ തകർത്ത് ജവഹർ മാവൂരിനു കിരീടം