
ഏജിസ് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ഇത്തവണ ബൗളര്‍മാരാണ് ഏജിസിന്റെ വിജയമൊരുക്കിയത്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആറ്റിനാട് ടൈറ്റന്‍സിനെതിരെ 5 വിക്കറ്റ് വിജയം നേടി ഏജിസ് ടൂര്‍ണ്ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആറ്റിനാടിനു തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഏജിസ് നായകന് സുമിന്‍ തന്റെ രണ്ടോവറില്‍ 5 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എട്ടാം ഓവറില്‍ 35 റണ്‍സിനു ആറ്റിനാട് ഓള്‍ഔട്ട് ആയി. 11 റണ്‍സ് നേടിയ നിതിന്‍ ചന്ദ്രനാണ് ആറ്റിനാട് നിരയില്‍ ടോപ് സ്കോറര്‍. സുമിനിനു പിന്തുണയായി രാജ, സിജു എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓരോ വിക്കറ്റ് നേടി മണികണ്ഠന്, ശ്രീജിത്ത് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി. തന്റെ രണ്ടോവറില്‍ ശ്രീജിത്ത് വെറും 2 റണ്‍സാണ് വഴങ്ങിയത്.
ചെറു സ്കോര്‍ പിന്തുടര്‍ന്ന ഏജിസിനും വിജയത്തിലേക്കടുത്തപ്പോള് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മിഥുന്‍ലാല്‍ 11 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ 6 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാര്‍ ഷൈജു, സിജു എന്നിവര്‍ 8 വീതം റണ്‍സ് നേടി മികച്ച തുടക്കമാണ് ഏജിസിനു നല്‍കിയത്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം മധ്യനിരയില്‍ നിന്ന് മികച്ചൊരു കൂട്ടുകെട്ടുയര്ത്താത്ത് അഞ്ച് വിക്കറ്റുകള്‍ നഷ്ടമാക്കാന്‍ ഇടയാക്കിയെങ്കിലും 5.4 ഓവറില്‍ ഏജിസ് ലക്ഷ്യം മറികടന്നു.
ആറ്റിനാടിനു വേണ്ടി വിവേകാനന്ദ്, അന്‍ഷാദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിനീത് ജോസഫ് ഒരു വിക്കറ്റ് വീഴ്ത്തി.