കടക്കുമോ ദക്ഷിണാഫ്രിക്ക ഗോള്‍ കടമ്പ? ജയത്തിനായി വേണ്ടത് 352 റണ്‍സ്

ശ്രീലങ്കയ്ക്കെതിരെ ഗോളിലെ ആദ്യ ടെസ്റ്റില്‍ വിജയത്തിനായി ദക്ഷിണാഫ്രിക്ക നേടേണ്ടത് 352 റണ്‍സ്. ആദ്യ ഇന്നിംഗ്സിലെ ടീമിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇത് വളരെ പ്രയാസമേറിയ ദൗത്യമാണ്. 2 ദിവസത്തിലധകിം ബാക്കി നില്‍ക്കെ മത്സരത്തില്‍ നിന്ന് ഫലം ഉറപ്പായുമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ശ്രീലങ്കയുടെ സ്പിന്‍ തന്ത്രങ്ങളെ മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സ്വന്തമാക്കാനാകുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.

ആദ്യ ഇന്നിംഗ്സില്‍ 287 റണ്‍സ് നേടിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 190 റണ്‍സിനു ഓള്‍ഔട്ട് ആയി. ആദ്യ ഇന്നിംഗ്സിലേത് പോലെ തന്നെ ദിമുത് കരുണാരത്നേയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഒന്നാമിന്നിംഗ്സില്‍ ശതകം നേടിയ കരുണാരത്നേ രണ്ടാം ഇന്നിംഗ്സില്‍ 60 റണ്‍സാണ് നേടിയത്. ആഞ്ചലോ മാത്യൂസ് 35 റണ്‍സ് നേടിയപ്പോള്‍ സുരംഗ ലക്മല്‍ 33 റണ്‍സും നേടി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് നാല് വിക്കറ്റ് നേടി പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണ തെളിയിച്ചു. കാഗിസോ റബാഡയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചപ്പോള്‍ ഡെയില്‍ സ്റ്റെയിന്‍, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version