ടോസ് ഏറെ നിര്‍ണ്ണായകമായിരുന്നു പക്ഷേ ഇംഗ്ലണ്ട് മികച്ച രീതിയില്‍ ബാറ്റ് ചെയ്തു

ബേ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ദിവസം കാര്യമായ പ്രകടനം ഒന്നും പുറത്തെടുക്കാനാകാതെ പോയ ന്യൂസിലാണ്ട് ഫീല്‍ഡിലും മോശമായിരുന്നു. ബെന്‍ സ്റ്റോക്സിന്റെ ഉള്‍പ്പെടെ രണ്ട് ക്യാച്ചുകളാണ് ടീം കൈവിട്ടത്. ഇത് കൂടാതെ റോറി ബേണ്‍സിന്റെ എഡ്ജ് ആദ്യ സെഷനില്‍ ടീം റിവ്യൂ ചെയ്തതുമില്ല.

ബേണ്‍സ് 52 റണ്‍സ് നേടിയപ്പോള്‍ 67 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സ്റ്റോക്സ് ഇംഗ്ലണ്ടിനെ 241/4 എന്ന മികച്ച നിലയിലേക്ക് ആദ്യം എത്തിച്ചു. ടോസ് നഷ്ടമായത് ഏറെ നിര്‍ണ്ണായകമായിരുന്നുവെന്നാണ് പേസര്‍ നീല്‍ വാഗ്നര്‍ പറയുന്നത്.

ലഞ്ചിന് ശേഷം ന്യൂസിലാണ്ടിനായി മികച്ച സ്പെല്‍ പുറത്തെടുത്ത താരം സൃഷ്ടിച്ച സമ്മര്‍ദ്ദത്തിന്റെ ഗുണം ലഭിച്ചത് കോളിന്‍ ഡി ഗ്രാന്‍ഡോമിനായിരുന്നു. ഓപ്പണര്‍മാരെ ഇരുവരെയും ഗ്രാന്‍ഡോം പുറത്താക്കിയപ്പോള്‍ ജോ റൂട്ടിന്റെ വിക്കറ്റ് വാഗ്നര്‍ നേടി.

ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും ക്ഷമയോട് കളിച്ച ടീം വെറുതേ വിടേണ്ട പന്തുകളെ വെറുതേ വിടുകയും ചെയ്തുവെന്ന് വാഗ്നര്‍ പറഞ്ഞു. ടോസ് ഏറെ നിര്‍ണ്ണായകമായിരുന്നു ഈ വിക്കറ്റില്‍ ആദ്യ ദിവസം ബാറ്റ് ചെയ്യുവാന്‍ മികച്ചതാണെന്നും വാഗ്നര്‍ അഭിപ്രായപ്പെട്ടു.

Exit mobile version