Site icon Fanport

2023 ലോകകപ്പിന് ഇപ്പോളെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതില്ല

വിന്‍ഡീസിനെതിരെ ടി20 പരമ്പര 3-0ന് വിജയിച്ച ശേഷം സംസാരിക്കവേ 2023 ഐസിസി ലോകകപ്പിനെക്കുറിച്ച് ഇപ്പോളെ ചിന്തിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. നാളെ വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിന് ഇന്ത്യ കളിയ്ക്കുവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പാണ് കോഹ്‍ലിയോട് ഈ ചോദ്യം ചോദിക്കപ്പെട്ടത്. 2023 ലോകകപ്പെന്നാല്‍ നാല് വര്‍ഷം അപ്പുറമുള്ള ഒരു മത്സരമാണ്. പൊതുവേ ലോകകപ്പിന് 12 മാസം മുമ്പ് മാത്രമാണ് ടീമുകള്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുക എന്നും വിരാട് കോഹ്‍ലി പറഞ്ഞു.

സെമിയില്‍ ന്യൂസിലാണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുകയായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏകദിനത്തിനായി ഇറങ്ങുന്നത്. ഈ മത്സരം ലോകകപ്പ് 2023ലേക്കുള്ള യാത്രയുടെ തുടക്കമായി കാണാനാകില്ലെന്നാണ് വിരാട് കോഹ്‍ലി വ്യക്തമാക്കിയത്. അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോളാണ് കോഹ്‍ലി തന്റെ മനസ്സ് തുറന്നത്.

സത്യസന്ധമായി പറയുകയാണെങ്കില്‍ ലോകകപ്പിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കോഹ്‍ലി പറഞ്ഞു. ഇപ്പോളത്തെ മുന്‍ഗണന മികച്ച ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റിനെ ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതാണെന്നും വിരാട് കോഹ്‍ലി പറഞ്ഞു. സ്ഥിരതയോടെ കളിച്ച് മത്സരങ്ങള്‍ വിജയിക്കുക എന്നതാണ് ഇപ്പോളത്തെ ടീമിന്റെ ലക്ഷ്യമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Exit mobile version