അരങ്ങേറ്റത്തില്‍ ടോം ബ്ലണ്ടലിനു ശതകം, 520/9 നു ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്

- Advertisement -

കോളിന്‍ ഗ്രാന്‍ഡോമിനു പുറകെ ടോം ബ്ലണ്ടലും തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ന്യൂസിലാണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 520 റണ്‍സിനു ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിവസത്തെ സ്കോറായ 447/9 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് കൂടി നേടിയ ശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോം ബ്ലണ്ടല്‍ 107 റണ്‍സ് പുറത്താകാതെ നിന്നു. ട്രെന്റ് ബൗള്‍ട്ട് 18 റണ്‍സുമായി ബ്ലണ്ടലിനു മികച്ച പിന്തുണ നല്‍കി.

പത്താം വിക്കറ്റില്‍ 78 റണ്‍സാണ് ബ്ലണ്ടല്‍-ബോള്‍ട്ട് കൂട്ടുകെട്ട് നേടിയത്. 442/9 എന്ന നിലയില്‍ ഒത്തുകൂടിയ സഖ്യം 520 റണ്‍സ് നേടിയപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും, റോഷ്ടണ്‍ ചേസ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഷാനന്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ഓരോ വിക്കറ്റ് വീഴ്ത്തിയത്.

രണ്ടാം ഇന്നിംഗ്സില്‍ 45 ഓവര്‍ പിന്നിടുമ്പോള്‍ വെസ്റ്റിന്‍ഡീസ് 166/2 എന്ന നിലയിലാണ്. ക്രെയിഗ് ബ്രാത്‍വൈറ്റ് 52 റണ്‍സുമായും ഷായി ഹോപ് റണ്ണൊന്നുമെടുക്കാതെയുമാണ് ക്രീസില്‍. കീറന്‍ പവല്‍(40), ഷിമ്രോന്‍ ഹെറ്റ്മ്യര്‍(66) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. മാറ്റ് ഹെന്‍റിയ്ക്കാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement