കെന്നിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കന്‍ പതനം

- Advertisement -

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് കെന്നിംഗ്ടണ്‍ ഓവലില്‍ ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 61/7 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ നൂറ് റണ്‍സ് കടത്തിയത് എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമേ നേടിയിട്ടുള്ളു. 34 റണ്‍സുമായി ടെംബ ബാവുമ, 2 റണ്‍സുമായി മോണേ മോര്‍ക്കല്‍ എന്നിവരാണ് ക്രീസില്‍.

53 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ റബാഡയെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കുകയായിരുന്നു. 30 റണ്‍സാണ് റബാഡുടെ സ്കോര്‍. നാല് വിക്കറ്റ് നേട്ടവുമായി അരങ്ങേറ്റക്കാരന്‍ ടോബി റോളണ്ട്-ജോണ്‍സ് ആണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. ആന്‍ഡേഴ്സണ്‍ രണ്ടും, ബെന്‍ സ്റ്റോക്സ് ഒരു വിക്കറ്റും നേടി.

നേരത്തെ 171/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു ഏറെ വൈകാതെ അലിസ്റ്റര്‍ കുക്കിനെ(88) നഷ്ടമായി. എന്നാല്‍ ബെന്‍ സ്റ്റോക്സ് വാലറ്റത്തിന്റെ സഹായത്തോടെ ഇംഗ്ലണ്ടിനെ 353 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചു. 112 റണ്‍സാണ് സ്റ്റോക്സ് സ്വന്തമാക്കിയത്. സ്റ്റോക്സിനു പിന്തുണയായി ജോണി ബാരിസ്റ്റോ(36), മോയിന്‍ അലി(16), ടോബി റോളണ്ട്-ജോണ്‍സ്(25) എന്നിവരും സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 103.2 ഓവറില്‍ ഇംഗ്ലണ്ട് 353 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കാഗിസോ റബാഡ, മോണേ മോര്‍ക്കല്‍ എന്നിവര്‍ 3 വിക്കറ്റും വെറോണ്‍ ഫിലാന്‍ഡര്‍ ഒരു വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement