
ടോബി റോളണ്ട്-ജോണ്‍സിന്റെ സ്വപ്ന തുല്യമായ അരങ്ങേറ്റത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്. ഡീന്‍ എല്‍ഗാറിന്റെ ഒറ്റയാള്‍ പോരാട്ടത്തിനിടയിലും മറുവശത്ത് വിക്കറ്റുകള്‍ വീണത് ദക്ഷിണാഫ്രിക്കയുടെ സമനിലയെന്ന ശ്രമകരമായ ലക്ഷ്യത്തിനു തിരിച്ചടിയായി. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 252 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ടിനു 239 റണ്‍സിന്റെ ജയം.
117/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം ദിവസം ഓര്‍മ്മിക്കാവുന്ന നിമിഷം ഡീന്‍ എല്‍ഗാറിന്റെ ശതകം മാത്രമാണ്. 51ാം ഓവര്‍ എറിയാന്‍ വന്ന ടോബി ഓവറിലെ ആദ്യ പന്തില്‍ ടെംബ ബാവുമയെ(32) പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 160. 108 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളെയും ടോബി എറിഞ്ഞിടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ വെറോണ്‍ ഫിലാന്‍ഡറെയും വിക്കറ്റിനു മുന്നില്‍ കുടുക്കി ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പ്രഹരമേല്പിച്ചു. അരങ്ങേറ്റത്തില്‍ ഹാട്രിക് എന്ന സ്വപ്ന നേട്ടത്തിനരികില്‍ എത്തിയ ടോബി മൂന്നാം പന്തില്‍ ക്രിസ് മോറിസിനെ എഡ്ജ് ചെയ്യിച്ചുവെങ്കിലും പന്ത് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്സിന്റെ കൈയ്യകലത്തില്‍ നിലത്ത് കുത്തുകയായിരുന്നു.
ഏഴാം വിക്കറ്റില്‍ ക്രിസ് മോറിസുമായി 45 റണ്‍സ് കൂട്ടുകെട്ട് നേടി എല്‍ഗാര്‍ തന്റെ ചെറുത്ത്നില്പ് തുടര്‍ന്നുവെങ്കിലും ലഞ്ചിനു മുമ്പുള്ള അവസാന പന്തില്‍ ക്രിസ് മോറിസിനെ(24) പുറത്താക്കി മോയിന്‍ അലി ഇംഗ്ലണ്ടിനെ വിജയത്തിലേക്കടുപ്പിക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ എല്‍ഗാറും കേശവ് മഹാരാജും ചേര്‍ന്ന് 47 റണ്‍സ് നേടിയെങ്കിലും എല്‍ഗാറിന്റെ (136) അന്തകനായി മോയിന്‍ അലി അവതരിച്ചു. തൊട്ടടുത്ത പന്തില്‍ റബാഡയെ പുറത്താക്കി മോയിന്‍ അലി വിക്കറ്റ് നേട്ടം മൂന്നാക്കി. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മോണേ മോര്‍ക്കലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മോയിന്‍ അലി ഹാട്രിക്കും ഇംഗ്ലണ്ട് വിജയവും സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial