അവസാന ഓവറില്‍ 19 റണ്‍സ് നേടി റൂബി തൃച്ചി വാരിയേഴ്സ്, TNPLന് ആവേശകരമായ തുടക്കം

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിനു ആവേശകരമായ തുടക്കം. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 20 ഓവറില്‍ 172/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒരു പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ വാരിയേഴ്സ് വിജയം കൊയ്യുകയായിരുന്നു.

ഹരി നിഷാന്ത്(41), രാമലിംഗം രോഹിത്(46), രവിചന്ദ്രന്‍ അശ്വിന്‍(42) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് വാരിയേഴ്സിനെ മുന്നോട്ട് നയിച്ചത്. മൂന്ന് ബാറ്റ്സ്മാന്മാരും 150നു മേലുള്ള സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. തൃച്ചിയ്ക്കായി കുമരന്‍, ലക്ഷ്മി നാരായണന്‍, എംഎസ് സഞ്ജയ് എന്നിവര്‍ രണ്ടും കണ്ണന്‍ വിഗ്നേഷ്, സോനു യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃച്ചി വാരിയേഴ്സിനെ ഭരത് ശങ്കര്‍(39), സോനു യാദവ്(17 പന്തില്‍ 30) എന്നിവര്‍ക്കൊപ്പം 24 പന്തില്‍ നിന്ന് 45 റണ്‍സ് നേടി പുറത്താകാതെ നിന്ന സുരേഷ് കുമാര്‍ എന്നിവരുടെ ബാറ്റിംഗിനൊപ്പം ഒപ്പം എംഎസ് സഞ്ജയുടെ 5 പന്തില്‍ 11 റണ്‍സും കൂടിയായപ്പോള്‍ ജയം ഉറപ്പിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 87/5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ തൃച്ചിയെ ആറാം വിക്കറ്റഇല്‍ 60 റണ്‍സ് കൂട്ടുകെട്ടുമായി സോനു യാദവ്-സുരേഷ് കുമാര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന തൃച്ചിയ്ക്ക് ആദ്യ പന്തില്‍ ഒരു റണ്‍സ് മാത്രമേ നേടാനായുള്ളു. അടുത്ത പന്തില്‍ സിക്സര്‍ നേടി സഞ്ജയ് ആണ് തൃച്ചി ക്യാമ്പില്‍ വീണ്ടും പ്രതീക്ഷ കൊണ്ടുവന്നത്. നാലാം പന്തില്‍ വീണ്ടും സിക്സര്‍ നേടിയ സുരേഷ് കുമാര്‍ അഞ്ചാം പന്തില്‍ ഒരു സിക്സര്‍ കൂടി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

സുരേഷ് കുമാര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ഡ്രാഗണ്‍സിനു വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement