ആദ്യ ജയത്തിനായി പൊരുതി തൃച്ചിയും മധുരയും, ജയം തൃച്ചിയ്ക്ക് രണ്ട് റണ്‍സിന്റെ

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ റൂബി തൃച്ചി വാരിയേഴ്സും മധുരൈ സൂപ്പര്‍ ജയന്റും ലക്ഷ്യം വെച്ചത് തങ്ങളുടെ ആദ്യ ജയമായിരുന്നു. അതില്‍ വിജയം കണ്ടത് റൂബി തൃച്ചി വാരിയേഴ്സ്. ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന മത്സരത്തില്‍ അവസാന ഓവറുകളില്‍ ലക്ഷ്മിനാരായണന്‍ വിഗ്നേഷിന്റെ കൂറ്റനടികളുടെ പിന്‍ബലത്തില്‍ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന മധുരൈയ്ക്ക് പെട്ടെന്നായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. 175/6 എന്ന നിലയില്‍ വിജയം 15 പന്തില്‍ 13 റണ്‍സ് എന്ന സ്ഥിതിയില്‍ നിന്ന് 185 റണ്‍സിനു മധുരൈ സൂപ്പര്‍ ജയന്റ് ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ 2 റണ്‍സിന്റെ ജയം റൂബി തൃച്ചി വാരിയേഴ്സിനു.

ടോസ് നേടിയ മധുരൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോപ് ഓര്‍ഡറിന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് തൃച്ചി അടിച്ച് കൂട്ടിയത്. 37 പന്തില്‍ 70 റണ്‍സ് നേടിയ നായകന്‍ ബാബ ഇന്ദ്രജിത്ത്, ഭരത് ശങ്കര്‍(53), നിലേഷ് സുബ്രഹ്മണ്യന്‍(35) എന്നിവരാണ് വാരിയേഴ്സിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മധുരൈയ്ക്ക് അരുണ്‍ കാര്‍ത്തിക് മിന്നുന്ന തുടക്കമാണ് നല്‍കിയത്. 34 പന്തില്‍ 79 റണ്‍സ് നേടിയ അരുണിന്റെ ഉള്‍പ്പെടെ ആദ്യ നാല് വിക്കറ്റുകള്‍ വീഴ്ത്തി അകില്‍ ശ്രീനാഥ് മധുരൈ കുതിപ്പിനു ആദ്യം തടയിട്ടു. 89/0 എന്ന നിലയില്‍ നിന്ന് 129/5 എന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തിയ മധുരൈയുടെ പ്രതീക്ഷകളെ വീണ്ടും ഉണര്‍ത്തിയത് ലക്ഷ്മി നാരായണന്‍ വിഗ്നേഷ് ആയിരുന്നു. 38 റണ്‍സുമായി വിഗ്നേഷ് പുറത്താകാതെ നിന്നുവെങ്കിലും വാലറ്റത്തില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കാതിരുന്നത് മധുരൈയെ ലക്ഷ്യത്തിനു 2 റണ്‍സ് അകലെ ഓള്‍ഔട്ടാക്കി.

4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 4 മുന്‍ നിര ബാറ്റ്സ്മാന്മാരെ മടക്കിയയച്ച അകില്‍ ശ്രീനാഥ് ആണ് മത്സരത്തിലെ താരം. ശ്രീനാഥിനു മികച്ച പിന്തുണയായി ജഗന്നാഥന്‍ കൗശിക് 3 വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement