
വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓള്‍റൗണ്ട് മികവില്‍ ടൂട്ടി പാട്രിയറ്റ്സിനു തമിഴ്നാട് പ്രീമിയര്‍ ലീഗിലെ മൂന്നാം ജയം. ഇന്ന് തിരുന്നെല്‍വേലിയിലെ ഇന്ത്യ സിമന്റ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കാരൈകുഡി കാളകളെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാളകള്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റില്‍ 122 റണ്‍സ് നേടി. വിജയലക്ഷ്യം പാട്രിയറ്റ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. ഏഴ് പന്ത് ശേഷിക്കെയാണ് പാട്രിയറ്റ്സ് വിജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കാളകള്‍ക്ക് തിരിച്ചടിയോടു കൂടിയുള്ള തുടക്കമാണ് ലഭിച്ചത്. സ്കോര്‍ 25ല്‍ എത്തിയപ്പോളെക്കും പകുതി സംഘം തിരിച്ച് പവലിയനിലേക്ക് മടങ്ങിയിരുന്നു. മുഹമ്മദ് ഷാജഹാന്റെ വെടിക്കെട്ടാണ് അവരെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 29 പന്തില്‍ 43 റണ്‍സ് നേടിയ ഷാജഹാന് 2 ബൗണ്ടറിയും 4 സിക്സറും തന്റെ ഇന്നിംഗ്സില്‍ നേടി. ഒമ്പതാം വിക്കറ്റില്‍ സുനില്‍ സാം(15), സുരേഷ് ബാബു(15*) എന്നിവരുടെ സഹായത്തോടെ ടീം 122 റണ്‍സ് നേടുകയായിരുന്നു.
പാട്രിയറ്റ്സിനായി രണ്ട് വീതം വിക്കറ്റ് നേടി അതിശയരാജ് ഡേവിഡ്സണ്, വാഷിംഗ്ടണ്‍ സുന്ദര്‍. ഔശിക് ശ്രീനിവാസ് എന്നിവര്‍ ബൗളിംഗില്‍ മികവ് പുലര്‍ത്തി. ആകാശ് സുമ്ര ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാട്രിയറ്റ്സിന്റെ തുടക്കവും മികച്ചതല്ലായിരുന്നു. രണ്ടാം ഓവറില്‍ കൗശികിനെ നഷ്ടമായ അവര്‍ക്ക് വേണ്ടി അര്‍ദ്ധ ശതകം നേടിയ വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. അവസാനം രണ്ടോവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന പാട്രിയറ്റ്സ് ചന്ദ്രശേഖര്‍ ഗണപതി എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്സര്‍ പറത്തി തങ്ങളുടെ മൂന്നാം വിജയത്തിലേക്ക് കുതിച്ചു കയറി. വാഷിംഗ്ടണ്‍ സുന്ദര്‍ 62 റണ്‍സ് നേടി ഇന്നിംഗ്സിലുടനീളം ക്രീസില്‍ നിലയുറപ്പിച്ചു. ആകാശ് സുമ്ര 15 റണ്‍സുമായി പുറത്താകാതെ നിന്നു. നിര്‍ണ്ണായകമായ 30 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്.
കാളകള്‍ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം നേടിയത് മോഹന്‍ പ്രസാദ്, സുനില്‍ സാം, സുരേഷ് ബാബു എന്നിവരാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial