
തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണിനു ജൂലൈ 11നു തുടക്കം. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും റൂബി തൃച്ചി വാരിയേഴ്സും തമ്മിലുള്ള മത്സരം തിരുന്നെല്‍വേലിയിലെ ഐസിഎല്‍ ഗ്രൗണ്ടില്‍ നടക്കും. മൂന്ന് വേദികളിലായി 32 മത്സരങ്ങളാണ് നടക്കുന്നത്. തിരുന്നെല്‍വേലിയിലെ ഐസിഎല്‍ ഗ്രൗണ്ട്, ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ട്, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം എന്നിവയാണ് ടൂര്‍ണ്ണമെന്റിലെ വേദികള്‍. ഓഗസ്റ്റ് 12നു ടൂര്‍ണ്ണമെന്റ് ഫൈനല്‍ അരങ്ങേറും.
വിജയികള്‍ക്ക് ഒരു കോടി രൂപയും റണ്ണേഴ്സപ്പിനു 60 ലക്ഷം രൂപയുമാണ് സമ്മാനത്തുക. മൂന്ന് നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 40 ലക്ഷം രൂപ വീതം ലഭിയ്ക്കും. ഇന്ത്യ സിമന്റ്സ് ലിമിറ്റഡാണ് ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. ഒരു മത്സരം മാത്രമുള്ള ദിവസം രാത്രി 7.15നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഞായറാഴ്ച മാത്രം രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ മത്സരം 3.15നും രണ്ടാം മത്സരം പതിവു പോലെ 7.15നും ആരംഭിക്കും.
ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസാണ് നിലവിലെ ചാമ്പ്യന്മാര്. ജൂലൈ 14നു തൃച്ചി വാരിയേഴ്സിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. ഇത്തവണ 14 വീതം മത്സരങ്ങള്‍ തിരുന്നെല്‍വേലിയിലും ഡിണ്ടിഗലിലുമായി നടത്തുവാനാണ് സംഘാടകരുടെ തീരുമാനം. ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങള്‍ ചെന്നൈയില്‍ നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
