കാളകളെ മെരുക്കി ഗില്ലികള്‍

കാരൈകുഡി കാളകള്‍ക്കെതിരെ ആധികാരിക ജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. തമിഴ്നാട് പ്രീമിയര്‍ ലിഗീല്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി 7.15നു നടന്ന മത്സരത്തില്‍ രവിശ്രീനിവാസന്‍ സായി കിഷോറിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മുന്‍തൂക്കത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി ടീമിനെ വെറും 110 റണ്‍സിനു ഒതുക്കിയാണ് ചെപ്പോക്ക് ടീം ആധികാരിക വിജയത്തിലേക്ക് നടന്നടുത്തത്. ലക്ഷ്യം വെറും 14.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി ഗില്ലികള്‍ തങ്ങളുടെ റണ്‍റേറ്റും മെച്ചപ്പെടുത്തി.

എസ് ലോകേഷ്വര്‍ നേടിയ 48 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി കാളകളുടെ ബാറ്റിംഗില്‍ എടുത്ത് പറയാവുന്ന പ്രകടനം. മറ്റു ബാറ്റ്സ്മാന്മാരെല്ലാം തന്നെ സായി കിഷോറിനും മറ്റു ഗില്ലി ബൗളര്‍മാര്‍ക്കും മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളു. സായി കിഷോറിനൊപ്പം, രാജഗോപാല്‍ സതീഷ്, യോ മഹേഷ്, ആന്റണി ദാസ്, അലക്സാണ്ടര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

111 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനും തുടക്കം മോശമായിരുന്നു. എന്നാല്‍ ഗോപിനാഥ് പുറത്താകാതെ നേടിയ 45 റണ്‍സും ക്യാപ്റ്റന്‍ രാജഗോപാല്‍ സതീഷ് നേടിയ 28 റണ്‍സും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്കെത്തിച്ചു. സുനില്‍ സാം കാളകള്‍ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial