കൗശിക് ഗാന്ധിയ്ക്ക് അര്‍ദ്ധ ശതകം, ജയം ശീലമാക്കി പാട്രിയറ്റ്സ്

- Advertisement -

തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മൃഗീയാധിപത്യം തുടരുന്നു. കഴിഞ്ഞ ടൂര്‍ണ്ണമെന്റ് കൂടി കണക്കാക്കുകയാണെങ്കില്‍ ഇത് ടീമിന്റെ തുടര്‍ച്ചയായ 11ാം ജയമാണ് ഇന്ന് തിരുവള്ളൂര്‍ വീരന്‍സിനെതിരെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വീരന്‍സിനെ 165/4 എന്ന നിലയില്‍ ഒതുക്കി ആ സ്കോര്‍ 5 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് ടൂട്ടി പാട്രിയറ്റ്സ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത തിരുവള്ളൂരിനു വേണ്ടി സഞ്ജയ് യാദവ് 50 പന്തില്‍ 61 റണ്‍സ് നേടി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. തോല്‍വി പിണഞ്ഞുവെങ്കിലും സഞ്ജയ് തന്നെയാണ് മത്സരത്തിലെ താരം. ബാബ അപരാജിത് നേടിയ 58 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ സ്കോര്‍ ചെയ്യാന്‍ സാധിക്കാത്തതാണ് വീരന്‍സിനെ കൂറ്റന്‍ സ്കോറില്‍ നിന്ന് അകറ്റിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൂട്ടിയ്ക്കായി ഓപ്പണര്‍മാര്‍ പതിവു രീതിയില്‍ മികച്ച തുടക്കമാണ് നല്‍കിയത്. നാലാം ഓവറില്‍ സ്കോര്‍ 47 റണ്‍സില്‍ നില്‍ക്കെ വാഷിംഗ്ടണ്‍ സുന്ദര്‍(38) നഷ്ടമായെങ്കിലും ദിനേഷ് കാര്‍ത്തുകം കൗശിക് ഗാന്ധിയും റണ്‍ വേട്ട തുടര്‍ന്നു. എന്നാല്‍ രാഹില്‍ ഷാ എറിഞ്ഞ പതിനൊന്നാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് പാട്രിയറ്റ്സിനെ തെല്ലൊന്നലട്ടി. ദിനേശ് കാര്‍ത്തികിനെയും(36), സന്തോഷ് ശിവയെയും(0) തുടരെ നഷ്ടമായെങ്കിലും കൗശിക് ഗാന്ധി എസ് അരവിന്ദ്(23), സുബ്രമണ്യന്‍ ആനന്ദ്(19*) എന്നിവരുടെ സഹായത്തോടെ ടീമിനെ വിജയത്തിലെത്തിച്ചു. കൗശിക് ഗാന്ധി പുറത്താകാതെ 52 റണ്‍സ് നേടി.

രാഹില്‍ ഷായും സിലമ്പരസനുമാണ് വീരന്‍സിന്റെ വിക്കറ്റ് വേട്ടക്കാര്‍. ഇരുവരും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement