സൂപ്പര്‍ ജയന്റിനു കാര്യങ്ങളത്ര സൂപ്പറല്ല, കാരൈകുഡി കാളൈയ്ക്ക് 43 റണ്‍സ് ജയം

- Advertisement -

കാരൈകുഡി കാളൈ നേടിയ 185 റണ്‍സ് ആദ്യ ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്ന മധുരൈ സൂപ്പര്‍ ജയന്റ്സിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള മധുരൈ സൂപ്പര്‍ ജയന്റ്സിനു 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമേ നേടാനായുള്ളു. 4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടു നല്‍കി 3 വിക്കറ്റ് വീഴ്ത്തിയ മോഹന്‍ പ്രസാദ് ആണ് കളിയിലെ താരം.

ടോസ് നേടിയ കാരൈകുഡി കാളൈ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നൂറ്റി നാല് റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിനു ശേഷൺ ചെറിയൊരു തകര്‍ച്ച നേരിട്ട കാളകളെ അവസാന ഓവറുകളില്‍ എം ഷാജഹാന്റെ വെടിക്കെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 13 പന്തില്‍ 3 സിക്സും 2 ബൗണ്ടറിയും അടക്കം 32 റണ്‍സാണ് ഷാജഹാന്‍ പുറത്താകാതെ നേടിയത്. ഓപ്പണര്‍മാരായ വിശാല്‍ വൈദ്യ(65), ശ്രീകാന്ത് അനിരുദ്ധ(40) എന്നിവര്‍ മികച്ച തുടക്കമാണ് കാളകള്‍ക്ക് നല്‍കിയത്. 20 ഓവറില്‍ 185 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ നേടിയത്.

ഡിടി ചന്ദ്രശേഖര്‍ സൂപ്പര്‍ ജയന്റിനു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. എട്ട് ബൗളര്‍മാരെയാണ് കാരൈകുഡി ബാറ്റ്സ്മാന്മാരെ തളയ്ക്കാനായി സൂപ്പര്‍ ജയന്റ് നായകന്‍ അരുണ്‍ കാര്‍ത്തിക് മത്സരത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ ആ തീരുമാനം ഫലം കാണുകയല്ലായിരുന്നു.

186 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ മധുരൈയ്ക്ക് മിന്നും തുടക്കമാണ് നായകന്‍ അരുണ്‍ കാര്‍ത്തിക നല്‍കിയത്. 8 പന്തില്‍ 19 റണ്‍സ് നേടിയ അരുണ്‍ രണ്ടാം ഓവറില്‍ പുറത്തായ ശേഷം മധുരൈ ബാറ്റിംഗിനു താളം നഷ്ടപ്പെടുകയായിരുന്നു. 39 റണ്‍സ് നേടിയ ഷാരൂക് ഖാനും, 26 റണ്‍സുമായി ഷിജിത് ചന്ദ്രനും മാത്രമാണ് ടീമില്‍ റണ്‍ കണ്ടെത്താനായ ബാറ്റ്സ്മാന്മാര്‍.

കാളകള്‍ക്ക് വേണ്ടി മോഹന്‍ പ്രസാദിനു പുറമേ രാജ് കുമാറും മൂന്ന് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു. ചന്ദ്രശേഖര്‍ ഗണപതി രണ്ടും, സുനില്‍ സാം ഒരു വിക്കറ്റും നേടി.

ചിത്രങ്ങള്‍ക്ക് നന്ദി : 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement