ലൈക്ക കോവൈ കിംഗ്സിനു രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത, കാരൈക്കുഡി പുറത്ത്

ബൗളര്‍മാര്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ പുറത്തായി കാരൈകുഡി കാളൈകള്‍. ജയത്തോടെ ലൈക്ക കോവൈ കിംഗ്സ് രണ്ടാം ക്വാളിഫയറിനു യോഗ്യത നേടി. മധുരൈ പാന്തേഴ്സ് ആണ് അവിടെ ടീമിന്റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ലൈക്കയ്ക്ക് 137 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ടീം 113 റണ്‍സിനു കാരൈകുഡി കാളൈകളെ പുറത്താക്കി 24 റണ്‍സ് ജയം സ്വന്തമാക്കുകയായിരുന്നു.

അര്‍ദ്ധ ശതകം നേടിയ നായകന്‍ അഭിനവ് മുകുന്ദ് ഒഴിക്കെ മറ്റു ബാറ്റ്സ്മാന്മാര്‍ക്കും തന്നെ 15നു മേലുള്ള സ്കോര്‍ കോവൈ കിംഗ്സിനു വേണ്ടി നേടാനായില്ല. അവസാന ഓവറുകളില്‍ കുറഞ്ഞ പന്തുകളില്‍ 10 റണ്‍സ് വീതം നേടി മിഥുന്‍, അജിത്ത് റാം എന്നിവരാണ് ടീമിനെ 8 വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന സ്കോറിലേക്ക് എത്തിച്ചത്. രാജ്കുമാര്‍ നാല് വിക്കറ്റുകളുമായി കാരൈകുഡിയ്ക്ക് വേണ്ടി തിളങ്ങി. കിഷന്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടി.

138 റണ്‍സെന്ന താരതമ്യേന അനായാസമായ ലക്ഷ്യം തേടിയിറങ്ങിയ കാരൈകുഡി എന്നാല്‍ 19.4 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 40 റണ്‍സ് നേടിയ മാന്‍ ബാഫ്ന ടോപ് സ്കോറര്‍ ആയപ്പോള്‍ കിഷന്‍ കുമാര്‍ 25 റണ്‍സ് നേടി. ടി നടരാജന്‍ 4 വിക്കറ്റും കൃഷ്ണമൂര്‍ത്തി വിഗ്നേഷ് 3 വിക്കറ്റും നേടി കാരൈകുഡിയുടെ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial