എലിമിനേറ്ററില്‍ കാരൈകുഡിയെ ഞെട്ടിച്ച് കോവൈ

- Advertisement -

ആദ്യം ബാറ്റ് ചെയ്ത ശ്രീകാന്ത് അനിരുദ്ധ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടമായ കാരൈകുഡി കാളകള്‍ 193 റണ്‍സ് നേടി. 36 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ ശ്രീകാന്ത് 10 ബൗണ്ടറിയും 5 സിക്സറും നേടി. വി ആദിത്യ(31), നായകന്‍ സുബ്രഹ്മണ്യന്‍ ബദ്രീനാഥ്(42*), എം ഷാജഹാന്‍(25*) എന്നിവരും മികച്ച സംഭാവന കാരൈകുഡിയ്ക്കായി നടത്തി. ഗൗതം താമരൈ കണ്ണനാണ് മത്സരത്തില്‍ കോവൈയ്ക്കായി ബൗളിംഗ് നിരയില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റ് കണ്ണന്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് അരുണും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റുവെങ്കിലും മുരളി വിജയ്-രവി കുമാര്‍ രോഹിത് കൂട്ടുകെട്ട് ടീമിനു പ്രതീക്ഷ നല്‍കി. രവികുമാര്‍ രോഹിതായിരുന്നു സഖ്യത്തില്‍ കൂടുതല്‍ അപകടകാരി. 34 റണ്‍സ് നേടിയ മുരളി വിജയ് റണ്‍ഔട്ട് ആയത് കോവൈ കിംഗ്സിനു തിരിച്ചടിയായി. 68 റണ്‍സാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഖ്യം നേടിയത്. ഒരു റണ്‍സ് കൂടി സ്കോറിനോട് ചേര്‍ക്കുന്നതിനിടയില്‍ അക്ഷയ് ശ്രീനിവാസനും പുറത്തായപ്പോള്‍ 98/2 എന്ന നിലയില്‍ നിന്ന് കോവൈ 99/4 എന്ന സ്ഥിതിയിലേക്ക് വീണു. 23 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് രോഹിത് ഒരു വശത്ത് ബാറ്റ് വീശിയപ്പോളും മറുവശത്തെ വിക്കറ്റ് വീഴ്ച ടീമിന്റെ പ്രതീക്ഷകളെ ബാധിക്കുകയായിരുന്നു.

6 പന്തില്‍ 16 റണ്‍സ് നേടിയ ഹരീഷ് കുമാറിനും അധിക ആയുസ്സുണ്ടായിരുന്നില്ല. എന്നാല്‍ വിക്കറ്റ് വീഴ്ചയ്ക്കിടയിലും ബാറ്റ് വീശി അവസാന ഓവറില്‍ 14 റണ്‍സ് എന്ന നിലയിലേക്ക് എത്തിച്ച രോഹിത് സോനു യാദവ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സര്‍ പായിച്ചു. നോ ബോള്‍ ആയിരുന്ന ആദ്യ പന്തിനു ലഭിച്ച ബോളും (അതും നോബോള്‍) സിക്സര്‍ പായിച്ച് രവി കുമാര്‍ രോഹിത് തന്റെ ശതകവും കോവൈ കിംഗ്സിനു വിജയവും സമ്മാനിച്ചു. വെറും 46 പന്തില്‍ തന്റെ ശതകം നേടിയ രോഹിത്തിന്റെ ഇന്നിംഗ്സില്‍ 8 സിക്സും 6 ബൗണ്ടറിയും അടങ്ങിയിട്ടുണ്ട്. തമിഴ്നാട് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ശതകമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement