സഞ്ജുവും പത്താനും റൈനയും തമിഴ്നാടു പ്രീമിയര്‍ ലീഗിലേക്ക്, ബിസിസിഐ അനുമതി നിര്‍ണ്ണായകം

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗിലേക്ക് ഐപിഎല്‍ താരങ്ങളുടെ ഒഴുക്ക്. കഴിഞ്ഞ വര്‍ഷം മാത്രം ആരംഭിച്ച തമിഴ്നാട് പ്രീമിയര്‍ ലീഗിനു വന്‍ ജനശ്രദ്ധയും താര ശ്രദ്ധയുമാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലഭിക്കുന്നത്. സുരേഷ് റെയ്ന, യൂസഫ് പത്താന്‍ എന്നിവര്‍ക്ക് പുറമേ സഞ്ജു സാംസണും ലീഗില്‍ കളിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. തമിഴ്നാടിനു പുറത്ത് നിന്നുള്ള 3 താരങ്ങളെയാവും ഉള്‍പ്പെടുത്താനാകുക. അതിനാല്‍ 8 ടീമുകളിലായി 24 താരങ്ങള്‍ക്ക് ടീമുകളില്‍ ഇടം നേടും.

അഞ്ച് ലക്ഷം രൂപയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഔട്ട് സ്റ്റേഷന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന കൂടിയ തുക. സംസ്ഥാനങ്ങള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരങ്ങള്‍ രണ്ടര ലക്ഷം രൂപ വരെ ലഭിയ്ക്കും. ജൂലായ് 22 നാണ് ലീഗിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ഇത്തരം താരങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മാസം തമിഴ്നാട് ക്രിക്ക്റ്റ് അസോസ്സിയേഷനാണ് ലീഗിന്റെ രണ്ടാം പതിപ്പില്‍ അന്യ സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം കൈക്കൊണ്ടത്. താരങ്ങള്‍ ലീഗില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതാത് അസോസ്സിയേഷനുകളുടെ അനുമതി വാങ്ങേണ്ട കടമ്പ ബാക്കിയാണ്. ഇന്ത്യയില്‍ മറ്റു അഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ഈ കാലയളവില്‍ നടക്കാത്തതിനാല്‍ സംസ്ഥാന അസോസ്സിയേഷനുകളുടെ അനുമതി ലഭ്യമാകുന്നതില്‍ തടസ്സങ്ങളുണ്ടാകാന്‍ വഴിയില്ല.

എന്നാല്‍ ബിസിസിഐയുടെ മുന്‍ തീരുമാന പ്രകാരം ഇത്തരത്തില്‍ അന്യ സംസ്ഥാന താരങ്ങളെ തങ്ങളുടെ സംസ്ഥാന ലീഗില്‍ കളിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു എന്നത് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ ഇപ്പോളത്തെ തീരുമാനത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളില്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement