ഗില്ലികള്‍ക്ക് അഞ്ച് വിക്കറ്റ് ജയം

- Advertisement -

ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. തോല്‍വിയോടു കൂടി ഡിണ്ടിഗലിന്റെ സെമി പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് വിജയം സ്വന്തമാക്കി ഗില്ലീസ് ടൂര്‍ണ്ണമെന്റില്‍ അപരാജിത ജൈത്രയാത്ര നടത്തുന്ന ടൂട്ടി പാട്രിയറ്റ്സിനോട് മാത്രമാണ് പരാജയപ്പെട്ടത്. ഡിണ്ടിഗല്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയ 145/8 എന്ന സ്കോര്‍ ചെപ്പോക്ക് 2 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു. 45 റണ്‍സ് നേടിയ ഉതിര്‍സാമി ശശിദേവ് ആണ് മത്സരത്തിലെ താരം.

എന്‍ ജഗദീശന്‍(53), വില്‍കിന്‍സ് വിക്ടര്‍ (45) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമേ ഡ്രാഗണ്‍സിനു നേടാനായുള്ളു. മറ്റു താരങ്ങളെല്ലാം റണ്‍ നേടാന്‍ ബുദ്ധിമുട്ടിയപ്പോള്‍ അത് ടീമിന്റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്പിച്ചു. 2 വീതം വിക്കറ്റ് നേടിയ അലക്സാണ്ടര്‍, ആന്റണി ദാസ് എന്നിവര്‍ക്ക് മികച്ച പിന്തുണയുമായി യോ മഹേഷ്, ഡി കുമരന്‍, സായി കിഷോര്‍ എന്നിവരും വിക്കറ്റുകള്‍ നേടി.

ചേസിംഗിനിടെ 56/3 എന്ന നിലയിലേക്ക് വീണ ചെപ്പോക്ക് ഇന്നിംഗ്സിനെ കരുപ്പിടിപ്പിച്ചത് ഉതിര്‍സാമി-ആന്റണി ദാസ് കൂട്ടുകെട്ടാണ്. 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. ആന്റണി ദാസ്(38) ആദ്യവും ഉതിര്‍സാമി(45) ഉടനെയും പുറത്തായെങ്കിലും ടീം വിജയത്തിലേക്ക് കൂടുതല്‍ നഷ്ടമില്ലാതെ നടന്നടുക്കുകയായിരുന്നു. ഐപിഎല്‍ താരം ടി നടരാജന്‍ ഡിണ്ടിഗലിനായി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement