ജയം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കോവൈ കിംഗ്സിനെതിരെ 8 വിക്കറ്റ് വിജയം

- Advertisement -

ലൈക്ക കോവൈ കിംഗ്സ് നേടിയ 185/5 എന്ന സ്കോറിനെ 14 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ഡിണ്ടിഗല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2018 സീസണ്‍ ടിഎന്‍പിഎലിലെ 7ാം മത്സരത്തില്‍ ഓപ്പണര്‍ ഷാരൂഖ് ഖാന്റെയും അഖില്‍ ശ്രീനാഥിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു.

ഷാരൂഖ് ഖാന്‍ 54 പന്തില്‍ 7 ബൗണ്ടറിയും നാല് സിക്സും സഹിതം 86 റണ്‍സ് നേടുകയായിരുന്നു. അഖില്‍ ശ്രീനാഥ് 54 റണ്‍സുമായി പുറത്താകാതെ നിന്നു. രവികുമാര്‍ രോഹിത് 16 പന്തില്‍ 26 റണ്‍സും നേടി. ഡ്രാഗണ്‍സ് ബൗളര്‍മാരില്‍ ജഗന്നാഥന്‍ കൗശിക്, എന്‍ മുഹമ്മദ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഓപ്പണര്‍ എന്‍ ജഗദീഷന്‍, എന്‍എസ് ചതുര്‍വേദ് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഡ്രാഗണ്‍സിനെ ആധികാരിക ജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ നിന്ന് 72 റണ്‍സാണ് ചതുര്‍വേദ് ഇന്നലെ അടിച്ച് കൂട്ടിയത്. 6 സിക്സും 5 ബൗണ്ടറിയുമടക്കമാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ജഗദീഷന്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബാലചന്ദര്‍ അനിരുദ്ധ് 11 പന്തില്‍ 25 റണ്‍സുമായി ജഗദീഷനു മികച്ച പിന്തുണ നല്‍കി. 9 പന്തില്‍ 19 റണ്‍സ് നേടിയ ഹരി നിശാന്ത് ആണ് പുറത്തായ മറ്റൊരു താരം.

17.4 ഓവറില്‍ ആണ് 8 വിക്കറ്റ് ജയം ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റ് കോവൈയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement