ബാറ്റിംഗ് കരുത്തില്‍ വീരന്‍സ്, വിജയം 57 റണ്‍സിനു

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സണ്ഡേ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരുവള്ളൂര്‍ വീരന്‍സ്. തൃച്ചി വാരിയേഴ്സിനെതിരെ 57 റണ്‍സിന്റെ വിജയമാണ് വീരന്‍സ് സ്വന്തമാക്കിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത വീരന്‍സ് മികച്ച സ്കോര്‍ കെട്ടിപ്പടുത്തുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടമായ അവര്‍ 182 റണ്‍സ് നേടി. ഓപ്പണര്‍മാരായ എന്‍എസ് ചതുര്‍വേദ്(89), സിദ്ധാര്‍ത്ഥ്(60) എന്നിവരുടെയും അവസാന ഓവറുകളില്‍ അഞ്ച് പന്തില്‍ 17 റണ്‍സ് നേടി പുറത്താകാതെ നിന്ന മലോലന്‍ രംഗരാജന്റെയും ശ്രദ്ധേയമായ പ്രകടനമാണ് ഉയര്‍ന്ന സ്കോര്‍ കണ്ടെത്താന്‍ വീരന്‍സിനെ സഹായിച്ചത്. ജഗദീഷന്‍ കൗശിക് തൃച്ചിയ്ക്കായി രണ്ട് വിക്കറ്റ് നേടി.

183 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റൂബി തൃത്തി വാരിയേഴ്സിനു ഓപ്പണിംഗ് കൂട്ടുകെട്ട് പുറത്തായ ശേഷം തകര്‍ച്ചയായിരുന്നു ഫലം. ഭരത് ശങ്കര്‍ (33)- ബാബ ഇന്ദ്രജിത്ത്(34) നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ 62 റണ്‍സിനു ശേഷം വിക്കറ്റുകള്‍ തുടരെ തുടരെ ബാറ്റിംഗ് ടീമിനു നഷ്ടമായി. 20 ഓവറില്‍ 125 റണ്‍സിനു തൃച്ചിയുടെ ബാറ്റിംഗ് പരിശ്രമം അവസാനിച്ചപ്പോള്‍ 57 റണ്‍സിന്റെ വിജയം വീരന്‍സിനു സ്വന്തം.

സിലമ്പരസന്‍ വീരന്‍സിനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മലോലന്‍ രംഗരാജന്‍, രാഹില്‍ ഷാ എന്നിവരും മികവ് പുലര്‍ത്തി. ഇരുവരും രണ്ട് വിക്കറ്റ് നേട്ടം കൊയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫുള്‍ ചാര്‍ജ്ജായി ബുള്‍സ്
Next articleചുണ്ടൻ വള്ളങ്ങൾ തയ്യാർ, ഹീറ്റ്സും ട്രാക്കുമായി