ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മധുരൈ പാന്തേഴ്സ്, കാരൈകുഡിയ്ക്കെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 4 വിക്കറ്റിന്റെ ജയമാണ് കാരൈകുഡി കാളൈകള്‍ക്കെതിരെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി 158 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മധുരൈ മറികടന്നു. 85 റണ്‍സ് നേടി പുറത്താകാതെ നിന്ന മധുരൈ ഓപ്പണിംഗ് താരം അരുണ്‍ കാര്‍ത്തിക്ക് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത കാരൈകുഡിയ്ക്കായി ശ്രീകാന്ത് അനിരുദ്ധ(48) മാത്രമാണ് മികവ് പുലര്‍ത്തിയത്. ആദിത്യ(25), രാജമണി ശ്രീനിവാസന്‍(20), രാജ്കുമാര്‍(20) എന്നിവര്‍ക്ക് അധിക സമയം ക്രീസില്‍ പിടിച്ച് നില്‍ക്കാനാകാത്തതും ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുന്നതിനു തടസ്സമായി. രണ്ട് വീതം വിക്കറ്റുമായി അഭിഷേക് തന്‍വര്‍, കിരണ്‍ ആകാശ്, വരുണ്‍ ചക്രവര്‍ത്തി, ജഗദീഷന്‍ കൗശിക് എന്നിവര്‍ മധുരൈയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മധുരൈയ്ക്കും തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ഒരു വശത്ത് അരുണ്‍ കാര്‍ത്തിക്ക് അടിച്ച് തകര്‍ത്തപ്പോള്‍ ടീമിനു കാര്യങ്ങള്‍ എളുപ്പമായി. 56/4 എന്ന നിലയില്‍ അരുണിനൊപ്പമെത്തിയ ഷിജിത്ത് ചന്ദ്രനുമായി(38) ചേര്‍ന്ന് മധുരൈ വിജയത്തോട് അടുക്കുകയായിരുന്നു. അഭിഷേക് തന്‍വര്‍ (11*) അരുണ്‍ കാര്‍ത്തിക്കിനു കൂട്ടായി ക്രീസില്‍ നിലയുറപ്പിച്ച് വിജയ സമയത്ത് പുറത്താകാതെ നിന്നു.

50 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്ക് 10 ബൗണ്ടറിയും 2 സിക്സും നേടി. കാരൈകുഡിയ്ക്കായി യോ മഹേഷ് 2 വിക്കറ്റ് നേടി. മോഹന്‍ പ്രസാത്, മാന്‍ ബാഫ്ന, രാജ്കുമാര്‍, കിഷന്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial