അവസാനം വരെ പൊരുതി ഇന്ത്യ ബി, കര്‍ണ്ണാടകയ്ക്ക് 6 റണ്‍സ് ജയം

തുടര്‍ച്ചയായ രണ്ടാം ജയമെന്ന ഇന്ത്യ ബിയുടെ മോഹങ്ങള്‍ തകര്‍ത്ത് കര്‍ണ്ണാടക. 296 റണ്‍സ് നേടിയ കര്‍ണ്ണാടകയുടെ സ്കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യ ബിയ്ക്കായി മനോജ് തിവാരിയും സിദ്ധേഷ് ലാഡുമാണ് തിളങ്ങിയത്. എന്നാല്‍ ലക്ഷ്യത്തിനു ആറ് റണ്‍സ് അകലെ മാത്രമേ ബിയ്ക്ക് എത്തുവാന്‍ സാധിച്ചുള്ളു. 50 ഓവറില്‍ 290/9 എന്ന നിലയിലാണ് ഇന്ത്യ ബി ഇന്നിംഗ്സ് അവസാനിച്ചത്.

തുടക്കം പിഴച്ചുവെങ്കിലും ശ്രേയസ്സ് അയ്യര്‍(33), മനോജ് തിവാരി(120), സിദ്ധേഷ് ലാഡ്(70) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യ ബിയെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ബിയ്ക്ക് എന്നാല്‍ സിദ്ധേഷ് ലാഡിനെ നഷ്ടമായത് തിരിച്ചടിയായി. ധര്‍മ്മേന്ദ്രസിന്‍ഹ ജഡേജ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. 23/3 എന്ന നിലയിലേക്ക് വീണ ഇന്ത്യ ബി പിന്നീട് 241/4 എന്ന ശക്തമായ നിലയിലേക്ക് എത്തിയെങ്കിലും തുടരെ വിക്കറ്റുകള്‍ പോയി 247/7 എന്ന സ്കോറിലേക്ക് വീഴുകയായിരുന്നു.

കര്‍ണ്ണാടകയുടെ ശ്രേയസ് ഗോപാല്‍ മൂന്നും പ്രസിദ്ധ കൃഷ്ണ രണ്ടും വിക്കറ്റ് നേടി. പ്രദീപ്, കൃഷ്ണപ്പ ഗൗതം, സ്റ്റുവര്‍ട് ബിന്നി എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ രവികുമാര്‍ സമര്‍ത്ഥ്(117), പവന്‍ ദേശ്പാണ്ഡേ(46), മയാംഗ് അഗര്‍വാല്‍(44) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കര്‍ണ്ണാടക 296/8 എന്ന മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial