സീസണില്‍ 40 ടെസ്റ്റ് വിക്കറ്റുകള്‍, ന്യൂസിലാണ്ട് ടെസ്റ്റ് ക്രിക്കറ്ററായി ടിം സൗത്തി

ന്യൂസിലാണ്ടിലെ ഈ സീസണിലെ ടെസ്റ്റ് താരമായി ടിം സൗത്തിയെ തിരഞ്ഞെടുത്തു. സീസണില്‍ മികച്ച ഫോമിലുള്ള താരമാണ് സൗത്തി. ഇത് കൂടാതെ ഈ സീസണില്‍ താരം നേടുന്ന രണ്ടാമത്തെ അവാര്‍ഡ് കൂടിയാണ് ഇത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച ബൗളിംഗിന് താരത്തിന് നേരത്തെ അവാര്‍ഡ് കിട്ടിയിരുന്നു.

സൗത്തി സീസണില്‍ നിന്ന് 40 ടെസ്റ്റ് വിക്കറ്റുകളാണ് നേടിയത്. ഇതില്‍ ഇന്ത്യയ്ക്കെതിരെ രണ്ട് ടെസ്റ്റില്‍ നിന്ന് നേടിയ 14 വിക്കറ്റും ഉള്‍പ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റ് എന്ന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുക എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇതൊന്നും താന്‍ ഒറ്റയ്ക്ക് ചെയ്യുന്നതല്ലെന്നും തന്റെ സഹതാരങ്ങളുടെ സഹായം കൂടി ചേര്‍ന്നപ്പോളാണ് തനിക്ക് ഇത്രയും വിക്കറ്റുകളും അവാര്‍ഡും ലഭിച്ചതെന്ന് ടിം സൗത്തി പറഞ്ഞു.

ഫീല്‍ഡിംഗില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നവര്‍, ക്യാച്ച് കൈപ്പിടിയിലൊതുക്കുന്നവര്‍, മറു വശത്ത് നിന്ന് മികച്ച രീതിയില്‍ പന്തെറിഞ്ഞ് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നവര്‍ എല്ലാം ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്ന് ടിം സൗത്തി വ്യക്തമാക്കി.

Exit mobile version