ഇന്ത്യൻ മധ്യനിര താരം തിലക് വർമ്മയ്ക്ക് മത്സരരംഗത്തേക്ക് തിരിച്ചെത്താൻ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് അനുമതി നൽകി. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതോടെ ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിൽ കളിക്കും.
ഫെബ്രുവരി 7-ന് വാംഖഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ഫെബ്രുവരി 2-ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ എ – യുഎസ്എ മത്സരത്തിലും, ഫെബ്രുവരി 4-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഔദ്യോഗിക സന്നാഹ മത്സരത്തിലും തിലക് പങ്കെടുക്കും.
കഴിഞ്ഞ മാസം നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് തിലക് വർമ്മയ്ക്ക് പരിക്കേറ്റത്. ഇതേത്തുടർന്ന് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര താരത്തിന് നഷ്ടമായിരുന്നു. ടി20 ഫോർമാറ്റിൽ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള തിലകിന്റെ തിരിച്ചുവരവ് ഇന്ത്യൻ മധ്യനിരയ്ക്ക് വലിയ കരുത്താകും. സഞ്ജു സാംസൺ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ, മൂന്നാം നമ്പറിൽ തിലക് വർമ്മയുടെ സാന്നിധ്യം ടീം മാനേജ്‌മെന്റിന് വലിയ ആശ്വാസമാണ് നൽകുന്നത്. വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ് എന്നിവരുടെ കായികക്ഷമത സംബന്ധിച്ച പരിശോധനകളും വരും ദിവസങ്ങളിൽ നടക്കും.