പരമ്പര സമനിലയിലാക്കി ശ്രീലങ്ക, ബംഗ്ലാദേശിനെതിരെ ജയം 70 റണ്‍സിനു

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിനം വിജയിച്ച് പരമ്പര സമനിലയിലാക്കി ശ്രീലങ്ക. പരമ്പരയിലെ അവസാന ഏകദിനത്തിലാണ് ശ്രീലങ്ക 70 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സ് നേടുകയായിരുന്നു. കുശല്‍ മെന്‍ഡിസ്(54), തിസാര പെരേര(52) എന്നിവരുടെ ബാറ്റിംഗ് മികവിനു പുറമേ ധനുഷ്ക ഗുണതിലക(34), ഉപുല്‍ തരംഗ(35), അസേല ഗുണരത്നേ(34) എന്നിവരും മികച്ച രീതിയില്‍ ശ്രീലങ്കയുടെ സ്കോറിലേക്ക് സംഭാവന ചെയ്തു. ബംഗ്ലാദേശിനു വേണ്ടി മഷ്റഫേ മോര്‍തസ മൂന്ന് വിക്കറ്റും, മുസ്താഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി. മെഹ്ദി ഹസന്‍, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി തടയിടുകയായിരുന്നു. നുവാന്‍ കുലശേഖര 4 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം നേടി സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര, സീകൂജേ പ്രസന്ന എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി. 54 റണ്‍സ് നേടിയ ഷാകിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍(51), സൗമ്യ സര്‍ക്കാര്‍(38) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശ് ടീം 44.3 ഓവറില്‍ 210 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കളിയിലെ താരമായി തിസാര പെരേരയെയും പരമ്പരയിലെ താരമായി കുശല്‍ മെന്‍ഡിസിനെയും തിരഞ്ഞെടുത്തു.

Previous articleവിടവാങ്ങും മുമ്പ് വിധിയെഴുത്ത് നടത്താന്‍ ഗുജറാത്ത് ലയണ്‍സ്
Next articleRCB looks to go one better amidst new challenges